റീ ബിൽഡ് കേരളയുടെ കീഴിൽ വരുന്ന ജില്ലയിലെ 17 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം ജനുവരി 10ന് ആരംഭിക്കും. റവന്യൂ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് ചേംബറിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

പ്ലാൻ സ്കീമിന്റെ കീഴിൽ നിർമ്മാണ അനുമതി കിട്ടിയിട്ടുള്ള വില്ലേജ് ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട അവലോകനം എല്ലാ ആഴ്ചയിലും കലക്ടറുടെ നേതൃത്വത്തിൽ ചേരുന്നതിനും മന്ത്രി നിർദ്ദേശം നൽകി.

ജില്ലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് തൃശൂർ താലൂക്ക് പരിധിയിലെ വിവരങ്ങൾ അവലോകനം ചെയ്യുന്നതിന് ജനുവരി 3ന് മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും. ജില്ലയിലെ പട്ടയങ്ങൾ സംബന്ധിച്ച് ഗവണ്മെന്റിന്റെ ഇടപെടൽ ആവശ്യമായ വിഷയങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട്‌ തയ്യാറാക്കി സർക്കാരിലേയ്ക്ക് നൽകും. പല കാരണങ്ങളാൽ പട്ടയം ലഭിക്കാത്ത കേസുകളിൽ ജില്ലാ തലത്തിൽ വേണ്ട ഇടപെടൽ നടത്തി തുടർ നടപടികൾ സ്വീകരിക്കും. വരാനിരിക്കുന്ന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി എത്ര പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്യാൻ കഴിയും എന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

ജില്ലാ കലക്ടർ ഹരിത വി കുമാർ, എ ഡി എം റെജി പി ജോസഫ്, പി ഡബ്ല്യൂ ഡി എക്‌സിക്യുട്ടിവ് എൻജിനിയർ ബിജി, കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്ര റീജിണൽ എൻജിനിയർ എ എം സതി ദേവി, ജില്ലാ നിർമ്മിതി കേന്ദ്രം പ്രൊജക്ട് മാനേജർ ശ്രീജ, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ താലൂക്ക് തഹസിൽദാർമാർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.