സ്‌കൗട്ട് ആൻറ് ഗൈഡ്‌സ് വിദ്യാർഥികളോട് സംവദിച്ച് ജില്ലാ കലക്ടർ
‘പ്ലാസ്റ്റിക് നിരോധനം എന്നത് എളുപ്പമാണോ? അത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമല്ലേ?’ ഡാനിയയുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് കലക്ടർ മറുപടി പറഞ്ഞത്. പ്ലാസ്റ്റിക്കിനെ പാടെ ഉപേക്ഷിക്കുക എളുപ്പമല്ല, പ്ലാസ്റ്റിക്കിനു പകരമുള്ള ഉത്പന്നങ്ങളെ ശീലമാക്കി വീട്ടിലും നാട്ടിലും മാതൃകയാവണമെന്ന ഉത്തരം ഡാനിയക്കും കൂട്ടുകാർക്കും സ്വീകാര്യമായിരുന്നു. സ്‌കൗട്ട് ആൻറ് ഗൈഡ്‌സിന്റെ ത്രിദിന അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് മമ്പറം ഹയർ സെക്കണ്ടറിയിലെ ഒരു കൂട്ടം വിദ്യാർഥികൾ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിനെ കാണാൻ നേരിട്ടെത്തിയത്.
പ്ലാസ്റ്റിക്കിനെ തുരത്തണമെന്നു പറയുമ്പോഴും കൊവിഡ് കാലത്ത് ഡിസ്‌പോസിബിൾ ഉൽപന്നങ്ങൾ തിരികെ വന്നു. കുട്ടികൾക്കാണ് സമൂഹത്തിൽ ഇതിനെതിരെ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനാവുകയെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ആരോഗ്യ കാര്യങ്ങൾ എങ്ങനെ ശ്രദ്ധിക്കണമെന്നും സമ്മർദ്ദങ്ങളില്ലാതെ എങ്ങനെ നന്നായി പഠിക്കാമെന്നുമുള്ള ‘മോട്ടിവേഷൻ ടിപ്‌സും’ കലക്ടർ നൽകി. പ്ലാസ്റ്റിക് സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രൊജക്ടിന്റെ ഭാഗമായാണ് കുട്ടികൾ കലക്ടറെ സന്ദർശിച്ചത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള തദ്ദേശ സ്ഥാപന സംവിധാനങ്ങളും കലക്ടർ വിശദീകരിച്ചു. പ്ലസ് ടു വിദ്യാർഥികളായ, അഭിഷേക്, ഗോപിക, സപ്നിൽ, കൃഷ്ണ പ്രഭ തുടങ്ങി 32 പേരാണ് കലക്ടറോട് സംവദിച്ചത്. സ്‌കൗട്ട് മാസ്റ്റർ കെ പി അനീഷ് കുമാർ, ഗൈഡ് ക്യാപ്റ്റൻ ഒ സി സംഗീത എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ കലക്ടറേറ്റിൽ എത്തിയത്. ഓരോരുത്തരെയും നേരിട്ട് പരിചയപ്പെട്ട് ചോദ്യങ്ങൾക്കുത്തരം നൽകി. അര മണിക്കൂറിലധികം ചെലവഴിച്ചാണ് കുട്ടികൾ മടങ്ങിയത്.