ശുചിത്വമിഷൻ നടപ്പാക്കുന്ന കലക്ടേഴ്സ് അറ്റ് സ്‌കൂൾ മാലിന്യ സംസ്‌കരണ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ സ്‌കൂളുകളിൽ വീഡിയോ പ്രദർശനം നടത്തും. എല്ലാ സർക്കാർ, എയിഡഡ് സ്‌കൂളുകളിലും ‘എന്റെ പരിസരങ്ങളിൽ’ എന്ന വീഡിയോ പ്രദർശിപ്പിക്കും. സ്‌കൂളുകളിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലും. ഹരിത കർമ സേനാംഗങ്ങളെ ആദരിക്കും. പെറ്റ് ബോട്ടിൽ, ഹാർഡ് ബോട്ടിൽ, പാൽ കവർ, കടലാസ് എന്നിവയാണ് ശേഖരിക്കുക.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 72 സ്‌കൂളുകൾക്കും, ശുചിത്വമിഷൻ 23 സ്‌കൂളുകൾക്കും നാലു വീതം ശേഖരണ ബിന്നുകളാണ് ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് ശേഖരണത്തിനായി നൽകിയത്. 33 പഞ്ചായത്തുകളിൽ പിബിഐജി ഫണ്ടുപയോഗിച്ച് ശേഖരണ ബിന്നുകൾ നൽകിക്കഴിഞ്ഞു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പദ്ധതി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ശുചിത്വമിഷൻ. സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് പദ്ധതി സജീവമാക്കാൻ ശുചിത്വമിഷൻ ഒരുങ്ങുന്നത്.