സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വേണമെന്ന തീരുമാനം സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അടിച്ചേല്‍പ്പിക്കുന്നതാണെന്ന് ചില സംഘടനകള്‍ക്ക് തെറ്റിധാരണയുണ്ട്.

ബാലുശ്ശേരി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തതല്ല. അവിടുത്തെ പി.ടി.എ, രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണത്. 2018 ല്‍ കാസര്‍കോട് ജില്ലയിലെ ചെറിയാക്കര ജി.എല്‍.പി.എസ് സ്‌കൂളില്‍ അവിടുത്ത പി.ടി.എ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രാവര്‍ത്തീകമാക്കിയിരുന്നു.

ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂള്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂള്‍ എന്ന തരംതിരിവ് നന്നല്ല. അത്തരം സ്‌കൂളുകള്‍ പി.ടി.എ തീരുമാനപ്രകാരം രണ്ട് കൂട്ടരും പഠിക്കുന്ന മിക്‌സഡ് സ്‌കൂളാക്കി മാറ്റുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ തുറക്കുന്നതിന് വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തിയോ അതേ രീതിയില്‍ എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചാല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോറോണ അവലോകന യോഗത്തില്‍ വാകിനേഷന്‍ സംബന്ധിച്ച തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.