ജി.കെ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത സിനിമ-സീരിയൽ നടൻ ജി.കെ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവായിരുന്നു ജി.കെ പിള്ള. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങൾ മുതൽ ടെലിവിഷൻ സീരിയലുകൾ വരെ വ്യാപിച്ച് നിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

അനുശോചിച്ചു

മലയാള സിനിമയുടെ കാരണവരായ ജി.കെ പിള്ളയുടെ നിര്യാണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചനം രേഖപ്പെടുത്തി. വിവിധ തലമുറയിലെ നടീനടൻമാരൊടൊപ്പം മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം സിനിമയിലും സീരിയലിലും അഭിനയകലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു.

ജി.കെ പിള്ളയുടെ വിയോഗത്തിൽ മന്ത്രി ജി ആർ അനിൽ അനുശോചിച്ചു

നടൻ ജി.കെ പിള്ളയുടെ നിര്യാണത്തിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ അനുശോചിച്ചു. 325 ലേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ച ജി.കെ പിള്ള മലയാള സിനിമയിലെ കാരണവരിൽ ഒരാളാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ മലയാള സിനിമയുടെ ഭാഗമായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. അതുല്യനായ നടന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും മന്ത്രി അനുശോചിച്ചു.