തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അതില്‍ ഒരെണ്ണം വര്‍ക്കലയിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 89 – മത് ശിവഗിരിതീര്‍ഥാടനത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗുരുവിന്റെ തത്വചിന്തകള്‍ക്ക്സാധാരണക്കാര്‍ക്ക്മനസിലാകുന്ന തരത്തിലുള്ള സൗന്ദര്യ തന്ത്രം ഉണ്ടായിരുന്നു. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്ന് സമൂഹത്തെ പഠിപ്പിച്ച നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമാണ് ഗുരുദേവന്‍. അചഞ്ചലമായ വ്യക്തിത്വമാണ് ഗുരുവിന്റേത്. മലയാളം, സംസ്‌കൃതം, തമിഴ് എന്നീ മൂന്ന് ഭാഷകളിലൂടെ അദ്ദേഹം തന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചു. അനുകമ്പയാണ് മനുഷ്യത്വത്തിന്റെ കാതല്‍ എന്ന് അദ്ദേഹം നമ്മെ ഇന്നും ഓര്‍മിപ്പിക്കുന്നു. ഗുരുവിന്റെ എല്ലാ കവിതകളിലും ദാര്‍ശനിക ശോഭ കാണാം. അദ്ദേഹം സംസാരിച്ചത് കവിത എന്ന മാധ്യമത്തിലൂടെയാണെന്നും അവ എല്ലാ കാലത്തും മാനവികതയുടെ പകല്‍വെളിച്ചം പരത്തുമെന്നും മന്ത്രി പറഞ്ഞു.

ആധുനിക ജനാധിപത്യ കേരളത്തിന്റെ സ്രഷ്ടാവാണ് ഗുരുവെന്നുംമഹത്തായ സാഹിത്യ സംഭാവനകളിലൂടെ ആധുനിക കേരള നിര്‍മ്മാണത്തില്‍ വലിയ പങ്കാണ് ഗുരു വഹിച്ചതെന്നും അധ്യക്ഷപ്രസംഗത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ പറഞ്ഞു. ഗുരുവിന്റെ മാനവികതയും ജനാധിപത്യബോധവും ആണ് കുമാരനാശാന്‍ കൃതികളില്‍ കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീനാരായണഗുരുവും മലയാള സാഹിത്യവും എന്ന വിഷയത്തില്‍ എം. കെ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ശ്രീനാരായണ സാഹിത്യസമ്മേളനത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ മുഖ്യാതിഥിയായി. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍, അവ്യയാനന്ദ സ്വാമികള്‍, വി. ജോയി എം. എല്‍. എ, എം ആര്‍ സഹൃദയന്‍ തമ്പി, കവിത രാമന്‍, കെ. സുദര്‍ശനന്‍, പി. കെ. ഗോപിതുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.