തിരുവനന്തപുരം: 2025 ഓടെ ജില്ലയിൽ നിന്ന് ക്ഷയരോഗം പൂർണമായും നിർമാർജ്ജനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ആരോഗ്യവകുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ് , ഫിഷറീസ്, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, എന്നിവരുമായി സഹകരിച്ച് ലക്ഷ്യം പൂർത്തിയാക്കും. ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുമായി ബന്ധപ്പെട്ട് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

പഞ്ചായത്ത് തലത്തിൽ ടി.ബി ട്രീറ്റ്മെന്റ്റ് സപ്പോർട്ടീവ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ ചേരും. ജില്ലാ ക്ഷയരോഗനിർമാർജ്ജന ബോർഡിന്റെ നേതൃത്വത്തിൽ പരിശീലനപരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. തീരപ്രദേശങ്ങളിൽ ക്ഷയരോഗ നിർണയ പരിശോധനകൾ വർധിപ്പിക്കും. ആയുർവേദ, ഹോമിയോ ഡോക്ടർമാർക്കും ഇതിനായി പ്രത്യേക പരിശീലനം നൽകാൻ നടപടികൾ സ്വീകരിക്കും. ആദിവാസി മേഖലകൾ, കോളനികൾ, അതിഥിത്തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിൽ രോഗനിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കും. ക്ഷയരോഗനിർമാർജ്ജന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ടി.ബി ഡെത്ത് ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

ഐ.എം.എ എക്സിക്യൂട്ടീവ് മെമ്പർ ഡോ.വിവേക് കെ.ബി, ജില്ലാ ടി.ബി ഓഫീസർ ഡോ. ഹരി.എസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, ആർ.സി.എച്ച് ഓഫീസർ ഡോ. ദിവ്യ സദാശിവൻ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. വി.കെ പ്രിയദർശിനി, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.