വനിതാ-ശിശു വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ കരിക്കോട് സര്‍ക്കാര്‍ മഹിളാമന്ദിരത്തില്‍ ഗ്രോ ബാഗ് ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി.  മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി തക്കാളിതൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മഹിളാമന്ദിരത്തിലെ താമസക്കാരുടെ മാനസിക ഉല്ലാസത്തിനും ജൈവകൃഷിയില്‍ കൂടുതല്‍ സമയം കണ്ടെത്താനുമായാണ് പദ്ധതി.
175 ഗ്രോബാഗുകളിലായാണ് പച്ചക്കറിതൈകള്‍ നട്ടത്. സ്ഥാപനത്തിന് ആവശ്യമായ വിഷരഹിത  പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുക കൂടിയാണ് ലക്ഷ്യം. അധികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കാനുള്ള സൗകര്യവുമൊരുക്കും.
വാര്‍ഡ് കൗണ്‍സിലര്‍ സുജാ കൃഷ്ണന്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സുജനന്‍, പട്ടത്താനം സുനില്‍, വനിതാ ശിശു വികസന ഓഫീസര്‍ പി.ബിജി,ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജെ.പ്രസന്ന കുമാരി, മഹിളാമന്ദിരം സൂപ്രണ്ട് പി.ഗീത, വനിതാക്ഷേമ ഓഫീസര്‍ പി. അനന്തകൃഷ്ണന്‍, മഹിളാ ശക്തി കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ മാരായ സി.എ ശ്രീക്കുട്ടി,എസ്. പി അനില, ലീഗല്‍ കൗണ്‍സിലര്‍ ശ്രീതു ലക്ഷ്മി, മഹിളാമന്ദിരത്തിലെ താമസക്കാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.