തന്ത്രപ്രധാന മേഖലകൾ അടക്കം എല്ലാ മേഖലകളിലും ഇന്ത്യയെ പൂർണ്ണമായും സ്വയം പര്യാപ്തം ആക്കാൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു. കൊച്ചിയിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക്ക് ലബോറട്ടറിയിലെ (NPOL) ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശീയമായ ഉത്പന്നങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും ഓർമിപ്പിച്ചു. ഗവേഷണ-വികസന മേഖലകളിൽ വലിയ പ്രാധാന്യം നൽകേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി കൃത്യമായ ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട് തന്നെ സാധ്യമായ ഇടങ്ങളിൽ സ്വകാര്യപങ്കാളിത്തം അനുവദിക്കേണ്ടത് ഉണ്ടെന്നും അഭിപ്രായപ്പെട്ടു.

വരും ദശാബ്ദങ്ങളിൽ ഒരു ആഗോള സൂപ്പർ പവർ ആയി മാറാനുള്ള കരുത്തുറ്റ യാത്രയിലാണ് ഇന്ത്യ എന്ന് വ്യക്തമാക്കിയ ഉപരാഷ്ട്രപതി ഇന്ത്യയുടെ സുരക്ഷാ ശക്തിപ്പെടുത്തുന്നതിനായി ബഹിരാകാശം, പ്രതിരോധം അടക്കമുള്ള മേഖലകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

പ്രതിരോധ ഉത്പന്നങ്ങൾ ഏറ്റവും കൂടുതലായി ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന വസ്തുത ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, ഇത്തരമൊരു പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന NPOL പോലെയുള്ള ഒരു ചെറിയ പരീക്ഷണശാലയുടെ സംഭാവന അഭിനന്ദനാർഹം ആകുന്നത് എന്ന് വിലയിരുത്തി.

നമ്മുടെ അയൽപക്കങ്ങളിലെ ഭൗമ- രാഷ്ട്രീയസാഹചര്യങ്ങൾ കണക്കിലെടുത്ത്, ദേശീയ സുരക്ഷയിൽ NPOL വഹിക്കുന്ന പങ്ക് നിസ്തുലമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാവിക സേനയിലെ എല്ലാ അന്തർവാഹിനികളും, പടകപ്പലുകളും NPOL നിർമ്മിച്ച സോണാറുകൾ ആണ് ഉപയോഗപ്പെടുത്തുന്നത് എന്ന് ഉപ രാഷ്ട്രപതി ഓർമിപ്പിച്ചു. ഈ മേഖലയിലെ ഇറക്കുമതി കുറച്ചത് വഴി നൽകിയ സാമൂഹിക-സാമ്പത്തിക മെച്ചങ്ങൾക്കപ്പുറം, സങ്കീർണവും അതീവപ്രാധാന്യം ഉള്ളതുമായ ഒരു സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയതിലൂടെ അന്തർവാഹിനി തല പോർ മുഖങ്ങളിൽ ഇന്ത്യൻ നാവികസേനയ്ക്ക് വ്യക്തമായ മുൻതൂക്കം നൽകാൻ NPOL സഹായിച്ചതായി ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

സമുദ്രാന്തർ നിരീക്ഷണ സംവിധാനങ്ങളുടെ മേഖലയിലെ ഒരു മുൻനിര ഗവേഷണ-വികസന സ്ഥാപനമായി വളർന്ന പരീക്ഷണശാലയെ അഭിനന്ദിച്ച ഉപരാഷ്ട്രപതി രാജ്യത്തിന്റെ നിരവധി പരീക്ഷണ പദ്ധതികളിലും, സാങ്കേതികവിദ്യാ പ്രദർശന പരിപാടികളിലും NPOL പ്രവർത്തിച്ചു വരുന്നതായി അറിയിച്ചു. വരുന്ന പതിനഞ്ച് വർഷക്കാലത്തെയ്ക്ക് ഇന്ത്യൻ നാവികസേനയുടെ ആവശ്യങ്ങൾക്ക് പരിഹാരം ആകുന്ന വിധത്തിൽ ഒരു സംയോജിത സമുദ്ര നിരീക്ഷണ സംവിധാനമായ INTEGRATED MARITIME SURVEILLANCE (INMARS) ന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഒപ്പമാണ് ഇത്.

വ്യവസായ മേഖലയുമായി ശക്തമായ ഒരു ശൃംഖല സ്ഥാപിച്ചതിൽ NPOL നെ അഭിനന്ദിച്ച ഉപരാഷ്ട്രപതി ഉയർന്നുവരുന്ന പ്രശ്നങ്ങളുടെ പരിഹാരം ലക്ഷ്യമിട്ടുള്ള പുത്തൻതലമുറ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ നൂറോളം പ്രാദേശിക വ്യവസായ സംരംഭങ്ങളെ, NPOL വളർത്തിക്കൊണ്ടു വരുന്നതും ചൂണ്ടിക്കാട്ടി.

ലബോറട്ടറിയുടെ മുൻപിലായി ഡോക്ടർ എ പി ജെ അബ്ദുൽ കലാം സ്മാരകവും ഉപരാഷ്ട്രപതി സമർപ്പിച്ചു.

കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, ഡയറക്ടർ ജനറൽ (നേവൽ സിസ്റ്റംസ് & മെറ്റീരിയൽസ്), ഡോ. സമീർ വി. കാമത്, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനൊഗ്രഫിക് ലബോററ്ററി ഡയറക്ടർ ശ്രീ എസ് വിജയൻ പിള്ള, ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡ് ഇൻ ചീഫ്, വൈസ് അഡ്മിറൽ എം എ ഹമ്പിഹോളി അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു