കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളജിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഫലാധിഷ്ഠിത വിദ്യാഭ്യാസം – ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരീക്ഷണങ്ങൾ (Outcome Based Education – Experiments of a Higher Education Institution) എന്ന പുസ്തകത്തിന്റെ പ്രകാശനം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നിർവ്വഹിച്ചു. മഹാത്‌മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ പുസ്തകം ഉപരാഷ്ട്രപതിക്ക് കൈമാറി. കോളജ് ഗവേണിങ്ങ് ബോർഡ് അംഗം കൂടിയായ ഡോ. സി.വി ആനന്ദ ബോസ് ഉപരാഷ്ട്രപതിക്ക് കോളജിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി സമ്മാനിച്ചു.

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ ഇത്തരമൊരു പ്രവർത്തനത്തിന് മുൻകൈയെടുത്ത കോളജിനെയും ബന്ധപ്പെട്ടവരെയും അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തിന്റെ ഉയർച്ചയ്ക്കും, ക്ഷേമത്തിനും കാരണമാകും വിധം ഭാരതത്തിന്റെ വിദ്യാഭ്യാസ ഘടനയിൽ സമൂലമായ മാറ്റങ്ങൾ വരുത്തണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഫലാധിഷ്ഠിത വിദ്യാഭ്യാസത്തെ മുൻനിർത്തിയുള്ള നവീനമായ പാഠ്യപദ്ധതിയും, ബോധനവിദ്യയും, മൂല്യനിർണ്ണയ രീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന പ്രകാശന ചടങ്ങിൽ മരിയൻ കോളേജ് പ്രിൻസിപ്പൽ ഡോ. റോയി അബ്രാഹം, മഹാത്‌മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ, എഡിറ്ററും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, മാനേജർ ഫാ ബോബി അലക്സ് മണ്ണംപ്ലക്കൽ, ദീപിക അസോസിയേറ്റ് എഡിറ്ററും, ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, ഡോ.ബിനു തോമസ്, ഫാ. സോബി തോമസ് കന്നാലിൽ എന്നിവർ പങ്കെടുത്തു.

10 പഠന മേഖലകള അടിസ്ഥാനമാക്കിയുള്ള 38 ലേഖനങ്ങളും, മരിയൻ  കോളജിലെ വിദ്യാർത്ഥിയായ ജോജിൻ ജോജോ വരച്ച 22 കാർട്ടുണുകളും, കോഫി ടേബിൾ ബുക്ക് രൂപത്തിൽ തയ്യാറാക്കിയിരിക്കുന്ന 204 പേജുള്ള പുസ്തകത്തിലുണ്ട്. പ്രിന്റ്, ഡിജിറ്റൽ, ഓഡിയോ എന്നിങ്ങനെ മൂന്ന് വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ ഡിജിറ്റൽ, ഓഡിയോ കോപ്പികൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഡോ. ചാക്കോച്ചൻ ഞാവള്ളിൽ, ഡോ. ബിനു തോമസ് എന്നിവരാണ് എഡിറ്റർമാർ.