കാക്കനാട്: പൂണിത്തുറ വില്ലേജിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവേയുടെ ഭാഗമായി പൊതുജനങ്ങൾക്കുള്ള ആശങ്കയകറ്റാൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ജനുവരി അഞ്ചിന് രാവിലെ 10 ന് തൈക്കൂടം സെൻറ് റാഫേൽ പള്ളി ഹാളിൽ ക്ലാസ് നടക്കും. മേയർ എം അനിൽകുമാർ അധ്യക്ഷത വഹിക്കും.

പൂണിത്തുറ വില്ലേജ് നിവാസികളും ബന്ധപ്പെട്ട കൗൺസിലർമാരും കുടുംബശ്രീ പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് റീസർവെ അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു. പദ്ധതി പ്രദേശത്തെ മുഴുവൻ വസ്തുക്കളുടെയും അതിർത്തികൾ ഡ്രോൺ സർവേക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഭൂവുടമകൾ സ്വന്തം വസ്തുവിന്റെ അതിർത്തികളിൽ അതിരടയാളങ്ങൾ സ്ഥാപിച്ച് ആകാശക്കാഴ്ചക്ക് തടസ്സം നിൽക്കുന്ന മരച്ചില്ലകളും മറ്റും നീക്കം ചെയ്യണം. വസ്തുവിന്റെ അതിരുകൾ കൃത്യമായി തെളിഞ്ഞു കാണുന്ന വിധത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കണം. ഡ്രോണിൽ നിന്ന് കാണാവുന്ന വിധത്തിൽ ചുടുകല്ല് /സിമൻറ് കല്ല് /പെയിന്റ് മാർക്ക് (മഞ്ഞ, ചുവപ്പ് ) എന്നിവ ഉപയോഗിച്ച് അതിർത്തികളിലെ ഒടിവുകൾ കൃത്യമായി അടയാളപ്പെടുത്തണം. ജനുവരി 12 നാണ് സർവേ ആരംഭിക്കുന്നത്.