വനം-വന്യജീവി വകുപ്പ് പ്രസിദ്ധീകരണമായ അരണ്യം മാസികയുടെ നീലക്കുറിഞ്ഞിപ്പതിപ്പ് വനം മന്ത്രി അഡ്വ. കെ. രാജു പ്രകാശനം ചെയ്തു. മുഖ്യവനപാലകനും വനം വകുപ്പ് മേധാവിയുമായ പി.കെ. കേശവന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. 12 വര്‍ഷത്തിലൊരിക്കല്‍ മൂന്നാര്‍ മലനിരകളിലെത്താറുള്ള നീലക്കുറിഞ്ഞി വസന്തം വീണ്ടും വന്നതിന്റെ പശ്ചാത്തലത്തിലാണ് അരണ്യം ജൂലൈ ലക്കം നീലക്കുറിഞ്ഞിപ്പതിപ്പായി തയ്യാറാക്കിയത്. ത്രിമാന സവിശേഷതകളോടെയാണ് കവര്‍ പേജ് ഒരുക്കിയിട്ടുള്ളത്. കുറിഞ്ഞിപ്പൂക്കളെ സംബന്ധിച്ച ശാസ്ത്രീയവും സമഗ്രവുമായ വിവരങ്ങള്‍, കേരളത്തിലെ 46 ഇനം കുറിഞ്ഞിപ്പൂക്കളുടെ വിശദാംശങ്ങള്‍ എന്നിവ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ സഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്.  www.forest.kerala.gov.in ലെ ‘പബ്ലിക്കേഷന്‍’ എന്ന ലിങ്കില്‍ പതിപ്പ് ലഭ്യമാണ്.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ നടന്ന പരിപാടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘ഹരിതം’ ഫോട്ടോ ആല്‍ബത്തിന്റെ പ്രകാശനവും വനം മന്ത്രി നിര്‍വഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗം മേധാവി കെ.എ. മുഹമ്മദ് നൗഷാദ് ആദ്യ പ്രതി ഏറ്റുവാങ്ങി. വനം മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഫോറസ്റ്റ് മാനേജ്‌മെന്റ് വിഭാഗം എ.പി.സി.സി.എഫ്.            എ.കെ. ധര്‍ണി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.