ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല തൃശൂര്‍ പ്രാദേശിക കേന്ദ്രത്തിന് സ്വന്തമായി സ്ഥലം കണ്ടെത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍. സര്‍വ്വകലാശാല പുതിയ കെട്ടിടത്തിന്‍്റെ പ്രവര്‍ത്തനോദ്ഘാടനം പടിഞ്ഞാറെകോട്ട കോര്‍പ്പറേഷന്‍ ബില്‍ഡിംഗില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശുര്‍ നിയോജക മണ്ഡലം പരിധിയില്‍ സര്‍വ്വകലാശാല കേന്ദ്രത്തിന് അധികം വൈകാതെ മൂന്ന് എക്കര്‍ സ്ഥലം കണ്ടെത്താന്‍ സാധിക്കും എന്നാണ് പ്രതീക്ഷ. ചേര്‍പ്പ് എം.എല്‍.എ. ആയിരിക്കുമ്പോഴും കൈപ്പമംഗലം എം.എല്‍.എ. ആയിരിക്കുമ്പോഴും സ്ഥലം കണ്ടെത്താന്‍ സാധിച്ചെങ്കിലും പല കാരണങ്ങളാല്‍ മുന്നോട്ടുപോകാനായില്ല. എന്നാല്‍ തൃശൂരില്‍ അധികം താമസിയാതെ സര്‍വ്വകലാശാല കേന്ദ്രത്തിന് സ്ഥിരം ആസ്ഥാനമുണ്ടാകുമെന്നും വിപുലീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായി കേന്ദ്രം മാറുമെന്നും മന്ത്രി പറഞ്ഞു.