കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ എന്‍.എസ്. സഹകരണ ആശുപത്രി പണികഴിപ്പിച്ച എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ആധുനിക സൗകര്യങ്ങളുള്ള സെന്റര്‍ എം. മുകേഷ് എം.എല്‍.എ യാത്രികര്‍ക്കായി തുറന്നു കൊടുത്തു. അസുഖബാധിതരാകുന്ന യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സയൊരുക്കുന്ന സംവിധാനം മാതൃകാപരമാണെന്ന് എം. മുകേഷ് എം.എല്‍.എ പറഞ്ഞു.
ആതുരശുശ്രൂഷ രംഗത്തെ സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകമാണ്  എമര്‍ജന്‍സി മെഡിക്കല്‍ സെന്ററെന്ന്  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മേയര്‍ വി. രാജേന്ദ്രബാബു പറഞ്ഞു.
സെന്ററില്‍ മരുന്നുകളും വൈദ്യസഹായവും യാത്രക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായി ലഭിക്കും. മൂന്ന് കിടക്കകളും ആംബുലന്‍സ് യൂണിറ്റും വിദഗ്ധ പരിശീലനം നേടിയ ടെക്‌നീഷ്യന്‍മാരും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സജ്ജീകരിച്ച സെന്ററിന്റെ ഭാഗമാണ്.
എന്‍.എസ് സഹകരണ ആശുപത്രി ചെയര്‍മാന്‍ പി.രാജേന്ദ്രന്‍ അധ്യക്ഷനായി. സ്റ്റേഷന്‍ മാനേജര്‍ പി.എസ്. അജയകുമാര്‍, എന്‍.എസ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടി.ആര്‍. ചന്ദ്രമോഹന്‍, റെയില്‍വേ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുജീബ് റഹ്മാന്‍, റെയില്‍വേ സെക്ഷന്‍ എഞ്ചിനീയര്‍ ജെ.ആര്‍. അനില്‍, കൊമേഴ്‌സ്യല്‍ മാനേജര്‍ എന്‍.കെ. സൂരജ്, ഡയറക്ടര്‍ ബോര്‍ഡംഗം സൂസന്‍ കോടി, കരിങ്ങന്നര്‍ മുരളി, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ പ്രവീണ്‍ ദാസ്, അജി, പി.കെ. ഷിബു, ഓമനക്കുട്ടന്‍, ജി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എസ് സഹകരണ ആശുപത്രി വൈസ് ചെയര്‍മാന്‍ എ. മാധവന്‍പിള്ള സ്വാഗതവും സെക്രട്ടറി പി. ഷിബു നന്ദിയും പറഞ്ഞു.