മലേറിയ ഉൻമൂലന പരിപാടിയുടെ ഭാഗമായി ആലുവ നഗരസഭ ജില്ലയിലെ ആദ്യ മലേറിയ വിമുക്ത നഗരമായി മാറി. കഴിഞ്ഞ 5 വർഷകാലയളവിൽ മലേറിയ മൂലം ആരും മരണപെട്ടിട്ടില്ല. തദ്ദേശീയമായി പകരുന്ന മലേറിയയും 5 വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മലേറിയ പകർത്തുന്ന അനോഫിലിസ് ഇനത്തിൽപെട്ട കൊതുകുകളുടെ സാന്നിധ്യം ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ആലുവയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

എറണാകുളം, പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി,കോട്ടയം ജില്ലകളാണ് 2022 മാർച്ച് മാസത്തിൽ മലേറിയ വിമുക്തമായി പ്രഖ്യാപിക്കുവാൻ സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നത്.സുസ്ഥിരവികസനലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമാണിത്.സമയബന്ധിതമായി നിരവധി പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിച്ചതിന്റെ പൂർത്തീകരണമായാണ് ആലുവയെ മലേറിയ വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നത്. 26 വാർഡുകളിലും കൗൺസിലർമാരുടെ അധ്യക്ഷതയിൽ വാർഡ് തല മലേറിയ സ്പെഷ്യൽ ഗ്രൂപ്പ് കമ്മിറ്റി യോഗങ്ങൾ 2 ദിവസം കൊണ്ട് പൂർത്തിയാക്കി.

ഇതരസംസ്ഥാനതൊഴിലാളികൾക്കിടയിൽ 17 മലേറിയ രക്തപരിശോധനക്യാമ്പുകൾ മൂന്ന് ദിവസം കൊണ്ടും പൂർത്തിയാക്കി.
നഗരത്തിലെ മുഴുവൻ ആശ പ്രവർത്തകർക്കും ആർ.ഡി.റ്റി. കിറ്റ് ഉപയോഗിച്ച് മലേറിയ രക്ത പരിശീലനം നടത്തി. ആശപ്രവർത്തകരുടെ നേതൃത്വത്തിൽ ഓരോ വാർഡിലും നഗരവാസികളിൽ മലേറിയ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി പ്രത്യേക മലേറിയ രക്തപരിശോധനകൾ തെരഞ്ഞെടുത്ത വീടുകളിൽ നടത്തി.

മുഴുവൻ വിദ്യാലയങ്ങളിലേയും വിദ്യാർത്ഥി പ്രാതിനിധ്യം ഉറപ്പ് വരുത്തി മലേറിയ വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും നടത്തുന്ന മലേറിയ പരിശോധനവിവരങ്ങൾ ലഭിക്കുന്നതിന് ഏകീകൃത സംവിധാനം ഏർപ്പെടുത്തി.
ശക്തമായ പനിയോടൊപ്പം വിറയൽ,പേശീ വേദന,മനം പുരട്ടൽ, ഛർദ്ദി,തൊലിപുറത്തും കണ്ണിലും മഞ്ഞ നിറം എന്നിവയാണ് മലേറിയയുടെ രോഗ ലക്ഷണങ്ങൾ.
മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്ത് തിരികെ എത്തുന്നവർ പനി ലക്ഷണങ്ങൾ കണ്ടാൽ നിർബന്ധമായും മലേറിയ പരിശോധന നടത്തേണ്ടതാണ്. മലേറിയക്കുള്ള മരുന്നുകൾ ആലുവ ജില്ലാ ആശുപത്രിയിൽ സൗജന്യമായി ലഭിക്കുന്നതാണ്.

ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ.സിറാജ്, വി.ആർ.രശ്മി, ലിഡിയ സെബാസ്റ്റ്യൻ, വിജി ഡാലി , ആശ പ്രവർത്തകർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആലുവയെ മലേറിയ വിമുക്നഗരമായിട്ടുള്ള പ്രഖ്യാപനം തിങ്കൾ ഉച്ചക്ക് 2 ന് ബ്ലഡ് ബാങ്ക് ഹാളിൽ നഗരസഭ ചെയർമാൻ എം.ഒ.ജോൺ നിർവ്വഹിക്കും.