സംസ്ഥാനത്ത് വ്യാജമദ്യം ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം കര്‍ശനമായി തടയുന്നതിന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്ന് തൊഴില്‍,എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് വ്യാജമദ്യം തടയുന്നതിന് ആഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് നടത്തും. വിദ്യാലയങ്ങളുടേയും കോളേജുകളുടേയും പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്‍പ്പന തടയുന്നതിന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ കണ്ടെത്തിയാല്‍ ഉടന്‍ അടച്ചു പൂട്ടും. വ്യാജകളള് വിതരണം തടയുന്നതിനും നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വിദേശ മദ്യഷാപ്പുകളില്‍ അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. അനധികൃത മദ്യവില്‍പ്പന തടയുന്നതിനുളള പരിശോധന സംവിധാനം വ്യാപകമാക്കി. നിരോധിത പുകയില വസ്തുക്കളുടെ വില്‍പനയും കര്‍ശനമായി തടയും. മുമ്പൊരിക്കലും ഇല്ലാത്ത വിധം എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ വ്യാപക ബോധവത്കരണം നടത്തുന്നുണ്ട്. വിദ്യാലയങ്ങളിലും കോളേജുകളിലും ലഹരിക്കെതിരായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ജി സന്തോഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടമാര്‍, റേയ്ഞ്ച് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.