ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു

ഓണ്‍ലൈന്‍ ഓര്‍ഡര്‍ സ്വീകരിച്ച് വീട്ടുപടിക്കലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന സപ്ലൈകോ സംവിധാനത്തിന് ജില്ലയില്‍ തുടക്കം. വിപണി നവീകരണം ലക്ഷ്യമാക്കിയാണ് പുതുരീതി ഏര്‍പ്പെടുത്തിയത്. സബ്‌സിഡി ഉത്പന്നങ്ങള്‍ ഒഴികെയുള്ളവയാണ് ഓണ്‍ലൈനായി വാങ്ങാവുന്നത്. ഓണ്‍ലൈന്‍ ബില്ലിന് 5 ശതമാനം കിഴിവുണ്ട്. ഓരോ 1000 രൂപ/അതിന് മുകളിലുള്ള ബില്ലിന് 5 ശതമാനം കിഴിവിനൊപ്പം ഒരു കിലോ ആട്ടയും നല്‍കും. രണ്ടായിരവും മുകളിലുള്ള ബില്ലിനും കിഴിവിനൊപ്പം 250 ഗ്രാം തേയില ലഭിക്കും. അയ്യായിരംവും അതിലധികവും വരുന്ന തുകയ്ക്ക് വാങ്ങിയാല്‍ കിഴിവിന് പുറമേ ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് ആനുകൂല്യമായി കിട്ടുക.
താമരക്കുളം റെഡ്യാര്‍ ഹാളില്‍ ഓണ്‍ലൈന്‍ വില്‍പനയുടെ ജില്ലാതല ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. വിലക്കുറവിന്റെ വിപണി നിരന്തരം പ്രവര്‍ത്തിപ്പിക്കുന്നതിനും ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായുമാണ് ഓണ്‍ലൈന്‍ വില്‍പനയെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ പിടിയില്‍പ്പെട്ടപ്പോഴും സാധാരണക്കാര്‍ക്കായി സബ്‌സിഡിയോടെ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. അത് ഇപ്പോഴും തുടരുകയാണ്. 88 ലക്ഷം സൗജന്യ കിറ്റ് വിതരണം ചെയ്ത് രാജ്യത്തിന് തന്നെ മാതൃകയാകാനും കഴിഞ്ഞു. കുടുംബശ്രീയിലെ സ്ത്രീ കൂട്ടായ്മകള്‍ നൂറു കണക്കിന് ഹോട്ടലുകള്‍ നടത്തിയും കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നു. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങിയും വിലക്കയറ്റം പിടിച്ചു നിറുത്തി. സപ്ലൈകോയില്‍ ആധുനികവത്കരണത്തിന്റെ ഭാഗമായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സപ്ലൈകോ ജനറല്‍ മാനേജര്‍ ടി. പി. സലിം കുമാര്‍, മേഖലാ മാനേജര്‍ വി. ജയപ്രകാശ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.