ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചു. സര്‍വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തുന്നത്. ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയുടെ പ്രാരംഭ ഘട്ടമായാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്.പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ടമായി കോഴഞ്ചേരി, റാന്നി, കോന്നി താലൂക്കുകളിലെ വിവിധ വില്ലേജുകളാണ് ഡ്രോണ്‍ സര്‍വേയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍, ഓമല്ലൂര്‍, കോഴഞ്ചേരി, ചെന്നീര്‍ക്കര വില്ലേജുകളിലാണ് ആദ്യ ഘട്ടമായി ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ നടത്തുന്നത്. റാന്നി താലൂക്കില്‍ അത്തിക്കയം, ചേത്തക്കല്‍, പഴവങ്ങാടി വില്ലേജുകളിലും, കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, പ്രമാടം, കോന്നിതാഴം, തണ്ണിത്തോട് വില്ലേജുകളിലും ആദ്യഘട്ടമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ നടത്തും. ഡ്രോണ്‍ ഉപയോഗിച്ച് ആദ്യഘട്ടമായി ഓപ്പണ്‍ സ്പെയിസ് ഏരിയയാണ് സര്‍വേ ചെയ്യുന്നത്. ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് 20 ശതമാനവും, കോര്‍സ് വിത്ത് ആര്‍ടികെ ഉപകരണത്തിലൂടെ 60 ശതമാനവും, ടോട്ടല്‍ സ്റ്റേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് 20 ശതമാനവും സര്‍വേ നടത്തും.

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ മാപ്പിംഗ് അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ണമാകുന്നതോടെ വില്ലേജ്, രജിസ്ട്രേഷന്‍, ഭൂസര്‍വേ വകുപ്പുകളുടെ രേഖകള്‍ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ സംയോജിപ്പിക്കും.
വസ്തു ഉടമകളുടെ ശ്രദ്ധക്ക്
പദ്ധതി പ്രദേശത്തെ എല്ലാ വസ്തുക്കളുടെയും അതിര്‍ത്തികള്‍ ഡ്രോണ്‍ സര്‍വേയ്ക്ക് അനുയോജ്യമായവിധം ക്രമീകരിക്കണം. അതിരടയാളങ്ങള്‍ സ്ഥാപിച്ച് ആകാശക്കാഴ്ചയ്ക്ക് തടസമാകുന്ന മരച്ചില്ലകളും മറ്റും നീക്കം ചെയ്യണം. ഡ്രോണിലെ ക്യാമറയ്ക്ക് ഒപ്പിയെടുക്കാന്‍ കഴിയുംവിധം കൃത്യമായി മനസിലാക്കാന്‍ നീളത്തില്‍ ചുടുകല്ലുകളോ സിമന്റ് കല്ലുകളോ അടുക്കിവയ്ക്കണം. ഫോറം ഒന്ന് എ കൃത്യമായി പൂരിപ്പിച്ച് സര്‍വേ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.
സര്‍വേയുടെ പ്രയോജനം
ഭൂമി സംബന്ധമായ രേഖകള്‍ക്ക് കൃത്യതയും സുതാര്യതയും ഉണ്ടാകും.

റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (റീ ലിസ്), പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്ട്രേഷന്‍ ഓഫ് രജിസ്ട്രേഷന്‍ ലാന്‍ഡ്, ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വയേഴ്സ് എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ സേവനങ്ങള്‍ ഒരുമിച്ചു ലഭ്യമാകും. ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഏളുപ്പത്തില്‍ ലഭിക്കാനും അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കാനും ആവശ്യങ്ങള്‍ക്ക് പല ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനും സഹായിക്കും. ഡോക്യുമെന്റേഷന്‍ ജോലികള്‍ എളുപ്പത്തില്‍ നടക്കും. ഡിജിറ്റല്‍ സര്‍വേ രേഖകള്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ള സര്‍വേ നമ്പര്‍, സബ് ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍ നമ്പര്‍ എന്നിവ കാലഹരണപ്പെടും.

ഭൂമിയിലെ കൈവശങ്ങള്‍ക്കും നിലവിലെ നിയമങ്ങള്‍ക്കും അനുസൃതമായി പുതിയ നമ്പര്‍ നല്‍കും. റവന്യൂ, രജിസ്ട്രേഷന്‍, പഞ്ചായത്ത്, ബാങ്ക് തുടങ്ങിയവയില്‍ നിന്നുള്ള സേവനങ്ങള്‍ കാലതാമസം കൂടാതെ  ലഭിക്കാന്‍ സഹായകരമാകും. ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്‌കൂളില്‍ നടന്ന പത്തനംതിട്ട ജില്ലയിലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടന ചടങ്ങില്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു, സര്‍വേ ഓഫ് ഇന്ത്യ റീജണല്‍ ഡയറക്ടര്‍ പി.വി. രാജശേഖരന്‍, പത്തനംതിട്ട റീ-സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ടി.പി. സുദര്‍ശനന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.