ജില്ലയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ ജനുവരി 21 നുള്ളിൽ പൂർത്തീകരിക്കും. ഇതിനായി വിദ്യാലയങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കും.
ജില്ലാ കളക്ടറുടെ ചാർജ് വഹിക്കുന്ന എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആവശ്യമുള്ള മുഴുവൻ വിദ്യാലയങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കണമെന്ന് എ.ഡി.എം യോഗത്തിൽ നിർദ്ദേശിച്ചു. സ്കൂൾ മേലധികാരികൾ തൊട്ടടുത്ത മെഡിക്കൽ ഓഫീസറുമായി ചേർന്ന് ക്യാമ്പുകൾ സജ്ജമാക്കണം. 2005, 2006, 2007 വർഷങ്ങളിൽ ജനിച്ചവർക്കാണ് വാക്സിൻ നൽകുന്നത്. മുഴുവൻ കുട്ടികളും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചുവെന്ന് സ്കൂൾ അധികാരികൾ ഉറപ്പു വരുത്തണമെന്നും എഡിഎം നിർദ്ദേശിച്ചു.
യോഗത്തിൽ കുട്ടികളുടെ വാക്സിനേഷൻ പുരോഗതി വിലയിരുത്തി. ഇതുവരെ ജില്ലയിൽ 28406 കുട്ടികളാണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഹണി.ജെ. അലക്സണ്ടർ, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. എം.ജി.ശിവദാസ്, ഡി.ഇ.ഒ മാർ, എ.ഇ.ഒ മാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.