ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉദ്പാദന മേഖലയിലേക്ക് കടന്ന് വരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കെ.എസ്.ഇ.ബി യുടെ സൗരപദ്ധതിയുടെ ഭാഗമായ പുരപ്പുറ സൗരോര്‍ജ നിലയത്തിന്റെ കൊട്ടാരക്കര മണ്ഡലതല ഉത്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്ഥാപിച്ച 14 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് മന്ത്രി സ്വിച്ഓണ്‍ ചെയ്തു.
പ്രതിദിനം 56 യൂണിറ്റ് ഉത്പാദനശേഷിയുള്ള എഴുകോണിലെ പ്ലാന്റില്‍ 10 ശതമാനം യൂണിറ്റ് റൂഫ് ടോപ് വാടകയിനത്തില്‍ ഉപഭോക്താവിന് സൗജന്യമായി 25 വര്‍ഷം ഉപയോഗിക്കാം. 5.93 ലക്ഷം രൂപയാണ് മുതല്‍മുടക്കില്‍ കെ.എസ്.ഇ.ബി ആണ് പദ്ധതി നിര്‍വഹിച്ചിരിക്കുന്നത്. ടാറ്റ പവര്‍ സോളാര്‍ സിസ്റ്റം ലിമിറ്റഡ് ഒരുക്കിയ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികളും നിര്‍വഹിക്കുന്നു.

ഊര്‍ജ്ജകേരള മിഷന്റെ ഭാഗമായി പുനരുപയോഗ സ്രോതസ്സില്‍ നിന്നും 1000 മെഗാവാട്ട് ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സൗര. ആദ്യ ഘട്ടത്തില്‍ സബ്‌സിഡി ഇല്ലാതെയും രണ്ടാമത് 200 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റുകള്‍ സബ്‌സിഡിയോടെയും അനുവദിക്കും. മൂന്ന് കിലോവാട്ട് വരെ 40 ശതമാനവും മൂന്നു മുതല്‍ 10 കിലോവാട്ട് വരെ 20 ശതമാനവും ഉപഭോക്താവിന് സബ്‌സിഡി നല്‍കും.
കെ.എസ.്ഇ.ബിക്ക് നല്‍കുന്ന അപേക്ഷകള്‍ പരിഗണിച്ച് ബോര്‍ഡിന്റെ അംഗീകാരമുള്ള കമ്പനികള്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു നല്‍കും. ഒരു കിലോവാട്ട് സ്ഥാപിക്കാന്‍ 100 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും വീട്ടുകാര്‍ക്ക് ഉപയോഗിക്കാം. അധിക വൈദ്യുതി യൂണിറ്റിന് നിശ്ചിത നിരക്കില്‍ കെ.എസ.്ഇ.ബിക്ക് നല്‍കാം. 25 വര്‍ഷത്തെ ഗ്യാരണ്ടിയുള്ള പാനലുകളുടെ അഞ്ചു വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ കെ.എസ.്ഇ.ബി നിര്‍വഹിക്കും. മൂന്ന് കിലോവാട്ട് സ്ഥാപിക്കുന്നതിന് സബ്‌സിഡിയോടെ 1.3 ലക്ഷം രൂപ  വരെ ചിലവ് വരും.

കിലോവാട്ടിന് നാല് യൂണിറ്റ് ഉല്‍പാദനം പ്രതീക്ഷിക്കുന്ന പദ്ധതിക്ക് നാലര വര്‍ഷംകൊണ്ട് വൈദ്യുതിചാര്‍ജ് ഇനത്തിലൂടെ മുടക്കുമുതല്‍ തിരികെ ലഭിക്കുമെന്ന് കണക്കാക്കുന്നു.
എഴുകോണ്‍ പോളിടെക്‌നിക് കോളേജില്‍ നടത്തിയ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാല്‍ ബ്ലോക്ക് പഞ്ചായത്തംഗം മിനി ലാല്‍, കെ.എസ്. ഇ.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എം. വിനുശങ്കര്‍, എ. ബെനറ്റ്, പ്രിന്‍സിപ്പല്‍ വി. വി. റേ, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ബിജു എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു