* അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി സംസ്ഥാനതല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കേണ്ട ക്ഷേമ പെന്‍ഷന്‍ ഓണത്തിനു മുമ്പ് കുടിശ്ശിക തീര്‍ത്ത് വിതരണം ചെയ്യുമെന്ന് തൊഴില്‍- നൈപുണ്യവികസന- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

നോട്ട് നിരോധനവും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതി പരിഷ്‌കരണമായ ജി.എസ്.ടിയും പോലുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഏത് പ്രതിസന്ധി നേരിടേണ്ടി വന്നാലും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട പെന്‍ഷന്‍ തുക പൂര്‍ണ്ണമായും കുടിശ്ശിക സഹിതം ഓണത്തിനു മുമ്പ് തന്നെ നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ സംസ്ഥാനതല അംഗത്വ വിതരണവും ബോധവത്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ തൊഴിലാളികളെയും സാമൂഹിക സുരക്ഷാ വലയത്തില്‍ കൊണ്ടുവരികയെന്ന സംസ്ഥാനസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കൂടുതല്‍ തൊഴിലാളികള്‍ക്ക് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയില്‍ അംഗത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സമാനസ്വഭാവമുളള ക്ഷേമനിധി ബോര്‍ഡുകള്‍ അംഗത്വത്തിന്റെയും സാമ്പത്തികസ്ഥിതിയുടെയും അടിസ്ഥാനത്തില്‍ സംയോജിപ്പിച്ച് ശാക്തീകരിക്കും. ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നവിധം ക്ഷേമപദ്ധതികള്‍ പരിഷ്‌കരിക്കാന്‍ നടപടി കൈക്കൊള്ളും. ക്ഷേമനിധി പെന്‍ഷനുകളുടെ അംശദായം ജില്ലാ സഹകരണ ബാങ്കുകള്‍ വഴി അടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേരള കൈത്തൊഴിലാളി- വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള ഗാര്‍ഹിക തൊഴിലാളിക്ഷേമപദ്ധതി, കേരള ബാര്‍ബര്‍-ബ്യൂട്ടിഷ്യന്‍സ് ക്ഷേമപദ്ധതി, അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, പാചകതൊഴിലാളി ക്ഷേമപദ്ധതി, ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി പദ്ധതി എന്നിവ സംയോജിപ്പിച്ച് രൂപീകരിച്ച കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയില്‍ 111 വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്കാണ് അംഗത്വമുള്ളത്. 19 മേഖലകളില തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ പുതുതായി അംഗത്വം നല്‍കി.

ഈ ക്ഷേമനിധി അംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കും ആര്‍.എസ്.ബി.വൈ, ചിസ്, ചിസ്പ്ലസ് എന്നീ ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീം ബാധകമാക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിന് അര്‍ഹരല്ലാതെ വരുന്നവര്‍ക്ക് നിലവിലുള്ള ചികിത്സാ ധനസഹായമായ 10000 രൂപയെന്ന ആനുകൂല്യം നല്‍കും. നിലവിലുള്ള വ്യവസ്ഥ പ്രകാരം വിരമിക്കുമ്പോള്‍ അംശദായമായി അടച്ച തുകയുടെ പകുതിയും പലിശയുമാണ് നല്‍കുന്നത്. എന്നാല്‍ ഇതില്‍ ഭേദഗതി വരുത്തി അംശദായമായി അടച്ച മുഴുവന്‍ തുകയും പലിശയും തിരിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളതാണ് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡെന്നും ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ബോര്‍ഡായി ഇതിനെ മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മറ്റു ക്ഷേമനിധി പദ്ധതികളില്‍ അംഗങ്ങളല്ലാത്ത അസംഘടിതമേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും സാമൂഹികസുരക്ഷ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം തൊഴിലാളിക്ഷേമ നടപടികളില്‍ സംസ്ഥാനം അഭൂതപൂര്‍വമായ കുതിപ്പാണ് നടത്തിയതെന്നാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നത് വെറുമൊരു പ്രചാരണവാക്യം മാത്രമല്ലെന്ന് കേരളം അനുഭവിച്ചറിയുകയാണ്. ജനക്ഷേമവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ കേരളത്തിന്റെ മുഖഛായതന്നെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമവും ജീവിതസുരക്ഷയും ഉറപ്പാക്കാതെ സമഗ്രവികസനമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാവില്ലെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ഈ സമീപനത്തോടെയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൊഴിലാളി ക്ഷേമനടപടികളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
അധികാരമേറ്റ് രണ്ട് വര്‍ഷത്തിനിടയില്‍ തന്നെ പൊതുവേ സംതൃപ്തമായ തൊഴില്‍മേഖല സൃഷ്ടിക്കാന്‍ കഴിഞ്ഞത് അഭിമാനിക്കാവുന്ന കാര്യമാണ്. തൊഴില്‍തര്‍ക്കങ്ങളും സംഘര്‍ഷങ്ങളുമില്ലാതെ തൊഴില്‍ സൗഹൃദവും നിക്ഷേപ സൗഹൃദവുമായ അന്തരീക്ഷമാണ് ഇന്ന് സംസ്ഥാനത്തുള്ളത്. ട്രേഡ് യൂണിയനുകളുടെയും തൊഴിലാളികളുടെയും പൂര്‍ണസഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത് ഈ അന്തരീക്ഷം നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്നും ഇക്കാര്യത്തില്‍ എല്ലാ ട്രേഡ് യൂണിയനുകളുടെയും പൂര്‍ണപിന്തുണക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയ എല്‍.ഐ.സി ഏജന്റുമാര്‍, ആശാ വര്‍ക്കേഴ്‌സ്, പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍, പാചക തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്കുള്ള അംഗത്വവിതരണമാണ് നടന്നത്. സി കണ്ണന്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എസ് തുളസീധരന്‍ ബോധവത്കരണ ക്ലാസ് എടുത്തു. ബോര്‍ഡ് അംഗം കെ പി സഹദേവന്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ എം കെ മോഹനന്‍, കെ സി കരുണാകരന്‍, എം ഗംഗാധരന്‍, കെ പി ജ്യോതിര്‍ മനോജ്, എം എ കരിം, എം എം കെ സിദിഖ്, ബോര്‍ഡ് അംഗങ്ങളായ വി ഗോപിനാഥ്, സി ബിന്ദു, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.