കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശിലാസ്ഥാപനം നിര്‍വഹിച്ചു

കൊച്ചി: 2040 ല്‍ അഞ്ച് ദശലക്ഷം വിദേശ ക്രൂയിസ് ടൂറിസ്റ്റുകള്‍ ഇന്ത്യയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലെ എറണാകുളം വാര്‍ഫില്‍ പുതിയ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര മേഖലയില്‍ ആഗോള തലത്തിലുള്ള വളര്‍ച്ച 5% ആണെങ്കില്‍ ഇന്ത്യയുടേത് 15.6% ആണ്. വിനോദ സഞ്ചാരത്തില്‍ നിന്നുളള വരുമാനത്തിന്റെ കാര്യത്തിലും ഇന്ത്യ ആഗോള നിലവാരത്തേക്കാള്‍ മുന്നിലാണ്. 7% ആണ് ആഗോള തലത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനം. ഇന്ത്യയുടേത് 20.8% വും. 5000 വര്‍ഷം പഴക്കമുള്ള ജീവിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. ഇവിടേക്ക് വരുന്നവര്‍ പുതിയ കാഴ്ചപ്പാടോടെ പുതിയ വ്യക്തികളായാണ് മടങ്ങുന്നത്. 27 ബില്ല്യണ്‍ ഡോളറാണ് വിദേശ ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാനം. ഇന്ത്യന്‍ ജിഡിപിയുടെ 6.88% വിനോദ സഞ്ചാരത്തില്‍ നിന്നാണ്. കൂടുതല്‍ കപ്പലുകള്‍ക്ക് ഇവിടെ പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിന്‍ പോര്‍ട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര ടെര്‍മിനലാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. സാമുദ്രിക എന്ന ആദ്യ ടെര്‍മിനല്‍ മട്ടാഞ്ചേരി വാര്‍ഫില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 5000 ത്തോളം വിനോദ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന 2253 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള പുതിയ ടെര്‍മിനലില്‍ പാസഞ്ചര്‍ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, എട്ട് കസ്റ്റംസ് ക്ലിയറന്‍സ് കൗണ്ടറുകള്‍, ഏഴ് സുരക്ഷ പരിശോധന കൗണ്ടറുകള്‍, വൈഫൈ, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, കരകൗശല വസ്തുക്കളും കൗതുക വസ്തുക്കളുടെയും വില്‍പ്പന കേന്ദ്രങ്ങള്‍, മെഡിക്കല്‍ കൗണ്ടര്‍, കഫത്തീരിയ, എടിഎം/ബാങ്ക് സേവന കേന്ദ്രം, ബുക്ക് സ്റ്റോര്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഗെയിമിംഗ് സോണ്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍, ലഗേജ് കൗണ്ടര്‍, ശുചിമുറി, കാറുകള്‍ക്കും ബസുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യം, ട്രോലികള്‍, വീല്‍ചെയറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കും. 25.72 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 21.41 കോടി രൂപ കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ചുകഴിഞ്ഞു.

ഇന്ത്യയിലെ പ്രധാന ക്രൂയിസ് ടൂറിസം കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള കൊച്ചിയില്‍ ഏകദേശം 40 ക്രൂയിസ് വെസലുകളിലായി പതിനായിരത്തോളം സമ്പന്ന വിനോദ സഞ്ചാരികളാണ് എത്തുന്നത്. പ്രാദേശിക വിനോദ സഞ്ചാര മേഖലയ്ക്ക് മികച്ച നേട്ടമാണ് ക്രൂയിസ് ടൂറിസം സൃഷ്ടിക്കുന്നത്. ശരാശരി 400 അമേരിക്കന്‍ ഡോളറാണ് ഓരോ ദിവസവും ക്രൂയിസ് സഞ്ചാരികള്‍ ഇവിടെ ചെലവഴിക്കുന്നത്. പ്രാദേശിക വിപണിക്ക് പ്രോ്ത്സാഹനം നല്‍കുന്നതിനായി ക്രൂയിസ് കപ്പലുകള്‍ എത്തുന്ന സമയത്ത് പ്രാദേശിക വിനോദ സഞ്ചാര സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാര്‍ഫിനുള്ളില്‍ പോര്‍ട്ട് സൗകര്യമൊരുക്കാറുണ്ട്. കരകൗശല വസ്തുക്കളും കൗതുക വസ്തുക്കളും വില്‍ക്കുന്നതിന് കിയോസ്‌കുകളും സ്റ്റാളുകളും ഇവിടെ സജ്ജീകരിക്കാം.

നിലവില്‍ 260 മീറ്റര്‍ വരെ നീളമുള്ള കപ്പലുകളാണ് സാമുദ്രികയില്‍ അടുക്കുന്നത്. അതില്‍ കൂടുതല്‍ നീളമുള്ളവ എറണാകുളം വാര്‍ഫിലാണ് അടുപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് എറണാകുളം വാര്‍ഫില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്. ടെര്‍മിനലിന്റെ നിര്‍മ്മാണം 2020 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമുദ്രികയുടെ വികസനത്തിന് 4.61 കോടിയും ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ബിഒടി പാലത്തിനും കണ്ണങ്കാട്ട് പാലത്തിനും ഇടയില്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ 2.1 കിലോമീറ്റര്‍ ദൂരത്ത് 9.01 കോടി രൂപ ചെലവില്‍ വാക്ക് വേയും ഓപ്പണ്‍ എയര്‍ തിയേറ്റര്‍ നിര്‍മ്മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. എംപി ഫണ്ട്, പൊതുമേഖല സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവയും പദ്ധതിക്കായി വിനിയോഗിക്കുന്നുണ്ട്.

പ്രായോഗിക സമീപനമാണ് പോര്‍ട്ട് ട്രസ്റ്റിന്റെ നേതൃത്വം സ്വീകരിക്കുന്നതെന്നും ഇത് വളരെയധികം പ്രതീക്ഷ നല്‍കുന്നതാണെന്നും പ്രൊഫ. കെ.വി. തോമസ് എം.പി പറഞ്ഞു. വാതുരുത്തി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് പോര്‍ട്ട് ട്രസ്റ്റിന്റെ സഹകരണമുണ്ടാകണമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. ടൂറിസം രംഗത്ത് പതുയി കുതിപ്പിന് പുതിയ ടെര്‍മിനല്‍ കാരണമാകുമെന്ന് കെ.ജെ. മാക്‌സി എം.എല്‍എ പറഞ്ഞു. ഗേറ്റ് വേ ഓഫ് കൊച്ചി എന്ന രീതിയില്‍ മറൈന്‍ ഡ്രൈവ് വാക്ക് വേ രൂപപ്പെടുത്തുന്നതിന് കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹായം ലഭ്യമാക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

റിച്ചാര്‍ഡ് ഹേ എം.പി., കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എ.വി. രമണ, ചീഫ് എന്‍ജിനീയര്‍ ജി. വൈദ്യനാഥന്‍ എന്നിവര്‍ പങ്കെടുത്തു.