ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ജില്ലയിലെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ യോഗം ഉടൻ ചേർന്ന് കൂടുതൽ നിയന്ത്രണങ്ങളെ പറ്റി തീരുമാനിക്കും. ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന ആരാധനാലയങ്ങളിലെ പരിപാടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലസ്റ്ററുകൾ ആയി മാറുന്നതിൽ കൂടുതൽ ശ്രദ്ധ നൽകാനും മന്ത്രി യോഗത്തിൽ ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ എസ് എസ് പ്രവർത്തകരുടെ സേവനവും പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം. രോഗം സ്ഥിരീകരിച്ചവർ പുറത്തിറങ്ങി നടക്കാതെ
ക്വാറന്റൈൻ കൃത്യമായി പാലിക്കണം. പരിശോധന നടത്താൻ വിമുഖത കാണിക്കരുതെന്നും മന്ത്രി നിർദ്ദേശിച്ചു.

യോഗത്തിൽ എഡിഎം എസ്.ഷാജഹാൻ, കമീഷ്ണർ സി.എച്ച്. നാഗരാജു, റൂറൽ എസ്.പി കെ. കാർത്തിക്, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. വി ജയശ്രീ, ജില്ലാ സർവൈലൻസ് ഓഫീസർ എസ്. ശ്രീദേവി, ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോണ്‍ തുടങ്ങിയവർ പങ്കെടുത്തു.