എട്ടു മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ് റൂമുകളും ഹൈടെക് സംവിധാനത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന്  തൊഴിൽ ,എക്സൈസ് വകുപ്പ് മന്ത്രി  ടി.പി.രാമകൃഷ്ണന്‍. നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിനായി നിര്‍മ്മിക്കുന്ന  പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രൈമറി സ്കൂളുകളിൽ ബ്രോഡ്ബാൻഡ് കണക്ഷന്‍ ഏര്‍പ്പെടുത്തി ഐ.ടി.വിദ്യാഭ്യാസം ശക്തിപ്പെടുത്തും , പ്രൈമറി തലം മുതല്‍ വിദ്യാര്‍ത്ഥികളുടെ  കലാകായിക അഭിരുചികള്‍ക്കും  പ്രത്യേക പരിഗണന നല്‍കി സര്‍വ്വതല സ്പര്‍ശിയായ വിദ്യാഭ്യാസം നടപ്പാക്കും.സംസ്ഥാനത്ത്  നാല്‍പതിനായിരത്തി എണ്‍പത്തിമൂന്ന് ക്ലാസ് മുറികള്‍ ഇതിനകം ഹൈ ടെകിലേക്ക് മാറിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
             നടുവണ്ണൂര്‍ ഗവ: ഹയര്‍സെക്കണ്ടറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് .ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു   പുരുഷൻ കടലുണ്ടി എം.എല്‍.എ.അധ്യക്ഷനായി. സ്കൂളിലെ എഡ്യുകെയര്‍ ഉദ്ഘാടനവും സ്മാര്‍ട്ട് ക്ലാസ് റൂം പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീജ പുലരിക്കല്‍ നിര്‍വ്വഹിച്ചു. ഡി.ഡി.ഇ ഇ.കെസുരേഷ് കുമാർ , താമരശ്ശേരി ഡി.ഇ.ഒ.  കെ.എസ് കുസുമം ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രതിഭ , നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.അച്യുതന്‍ മാസ്റ്റർ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രീതി എം.കെ, ലത നള്ളിയില്‍ ,   മറ്റു പൗരപ്രതിനിധികളും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി ടി.കെ.സുകുമാരൻ നന്ദിയും പറഞ്ഞു.