വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് നെടുങ്ങാട് കളവമ്പാറ ഗംഗാധരൻ റോഡ് യാഥാർഥ്യത്തിലേക്ക്. നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമാണ് സാക്ഷാത്‌കൃതമാകുന്നത്. ആധുനിക മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള റോഡിന്റെ നിർമ്മാണോദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു.

മണ്ഡലത്തിന്റെ ആസ്‌തി വികസനഫണ്ടിൽനിന്ന് 19.80 ലക്ഷം രൂപ ചെലവിലാണ് പുതിയ റോഡ് നിർമ്മിക്കുന്നത്. 25മീറ്റർ നീളത്തിൽ കരിങ്കൽഭിത്തി കെട്ടി 120മീറ്റർ ദൈർഘ്യത്തിൽ നിർമ്മിക്കുന്ന റോഡിനു മൂന്നുമീറ്റർ വീതിയുണ്ടാകും. റോഡ് ഉയർത്തി ഇന്റർലോക്കിംഗ് കട്ട വിരിക്കും. 68മീറ്റർ നീളത്തിൽ കാനയും റോഡിനൊപ്പം നിർമ്മിക്കും. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിനാണ് പദ്ധതി നിർവ്വഹണ ചുമതല.

റോഡിനു സ്ഥലം വിട്ടുനൽകിയ കളവമ്പാറ മുരളിയെ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആദരിച്ചു. ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എഞ്ചിനീയർ സുബിൻ ജോർജ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ പി ഷിബു, ഗ്രാമപഞ്ചായത്ത് വാർഡ് അംഗം താര കൃഷ്‌ണ, മുൻ വാർഡ് അംഗം പി ആർ ബിജു, റോഡ് വികസന സമിതി കൺവീനർ എൻ വി അനിൽ എന്നിവർ സംസാരിച്ചു.

ഫോട്ടോക്യാപ്‌ഷൻ

നായരമ്പലം ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് നെടുങ്ങാട് കളവമ്പാറ ഗംഗാധരൻ റോഡ് നിർമ്മാണോദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിക്കുന്നു. കളവമ്പാറ മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ പി ഷിബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, വാർഡ് അംഗം താര കൃഷ്‌ണ സമീപം.