കോവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ജില്ലയില്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് നിര്‍ദേശിച്ചു. ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണപ്പെടണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചു. ഞായറാഴ്ച അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂവെന്ന് റൂറല്‍ എസ്പി, കൊച്ചി സിറ്റി ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ എന്നിവര്‍ അറിയിച്ചു.

സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ സജീവമായി പ്രവര്‍ത്തിക്കണം. നിലവില്‍ 56 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

റാപ്പിഡ് റെസ്‌പോണ്‍സ് ടീം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സജീവമാക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിനായി തദ്ദേശ സ്ഥാപന അധ്യക്ഷരെ പങ്കെടുപ്പിച്ചു പ്രത്യേക യോഗം ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

ജില്ലയിലെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുവാനും ആരോഗ്യവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. നിലവില്‍ ഒന്നാം ഡോസ് 100 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഡോസ് 97 ശതമാനവും പൂര്‍ത്തിയായി. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷനും വേഗത്തില്‍ പൂര്‍ത്തിയാക്കണം.

ആശുപത്രിയില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ കണക്ക് അനുസരിച്ചാണ് ജില്ലകളുടെ കാറ്റഗറി തീരുമാനിക്കുന്നത്. നിലവില്‍ എറണാകുളം ജില്ല എ കാറ്റഗറിയിലാണ്. ഈ കാറ്റഗറിയില്‍ തന്നെ ജില്ലയെ നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജീകരിക്കുന്ന കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരോട് നിര്‍ദേശിച്ചു.

താലൂക്കുകളില്‍ തിങ്കള്‍ മുതല്‍ കോവിഡിനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു. കോതമംഗലം, മൂവാറ്റുപുഴ, പള്ളുരുത്തി, അങ്കമാലി, തൃപ്പൂണിത്തുറ, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലാണ് കോവിഡ് വാര്‍ഡുകള്‍ തിങ്കളാഴ്ച ആരംഭിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ 47.3 ശതമാനവും സ്വകാര്യ ആശുപത്രികളില്‍ 37.1 ശതമാനം കിടക്കകളാണ് നിലവില്‍ ഉപയോഗിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. 1380 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. മട്ടാഞ്ചേരി ആശുപത്രിയെ കോവിഡിനായി സജ്ജമാക്കുവാനും തീരുമാനിച്ചതായി ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ യോഗത്തില്‍ പറഞ്ഞു.

കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള എക്‌സ് ഗ്രേഷ്യ ധനസഹായവും കോവിഡ് മൂലം മരണമടഞ്ഞവരില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള പ്രതിമാസ ധനസഹായവും ലഭിക്കുന്നതിന് അപേക്ഷിക്കുന്നത് വേഗത്തിലാക്കുവാന്‍ വാര്‍ഡ് അംഗങ്ങളുടെ സഹായത്തോടെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, വില്ലേജ് ഓഫീസര്‍മാര്‍, ആശാ വര്‍ക്കമാര്‍ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.