ആലപ്പുഴ: കോവിഡ് ബാധിച്ച രോഗികളെ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദേശിച്ചു.

വെന്‍റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ വേണ്ടിവരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ (കാറ്റഗറി സി) ചികിത്സക്കായാണ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്.

ആശുപത്രി സേവനം ആവശ്യമുള്ളവര്‍ ജില്ലാതല കണ്‍ട്രോള്‍ കൺട്രോൾ റൂമിൽ (ഫോണ്‍- 0477 2239999) ബന്ധപ്പെടേണ്ടതാണ്.  കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ഏറ്റവും അടുത്തുള്ള ട്രയാജിലേക്ക്  രോഗിയെ എത്തിക്കണം. ട്രയാജിൽ ആരോഗ്യ നില വിലയിരുത്തിയ ശേഷം കിടത്തി ചികിത്സ അനിവാര്യമാണെങ്കില്‍  ആശുപത്രിയില്‍ പ്രവേശിപ്പിക്കും. രോഗിയുടെ നില ഗുരുതരമാണെങ്കില്‍ മാത്രമാണ് മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സാ വിഭാഗത്തിലേക്ക് മാറ്റുക.

ഈ സംവിധാനത്തിലൂടെയല്ലാതെ രോഗികളെ നേരിട്ട് മെഡിക്കല്‍ കോളേജിൽ എത്തിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കായി ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം താലൂക്ക് ആശുപത്രികള്‍, ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രി എന്നിവിടങ്ങളിലാണ് ട്രയാജുകൾ പ്രവര്‍ത്തിക്കുന്നത്.