കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച ഹർജിയിൽ ലോകായുക്തയുടെ വിധി വന്നതോടെ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നതിൽ കൃത്യതയായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി                        ഡോ. ആർ.ബിന്ദു. രണ്ടു മാസമായി പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്നു വലിയ നിലയിലുള്ള ആരോപണ സമുച്ചയം തീർക്കുകയായിരുന്നെന്നും കാള പെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ചേർന്നതല്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വി.സി. നിയമനം സംബന്ധിച്ച വിവാദങ്ങളോടു പലവട്ടം പ്രതികരിച്ചെങ്കിലും വീണ്ടും ആരോപണ പരമ്പരകളുമായി ചിലർ മുന്നോട്ടുപോകുകയായിരുന്നു. കാര്യങ്ങൾ വിശദമായി പഠിക്കാതെയുള്ള പ്രസ്താവനകൾ ഭൂഷണമല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രവും സമൂലവുമായ മാറ്റമുണ്ടാക്കാമെന്ന ദൃഢനിശ്ചയത്തോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കു മുന്നിൽനിന്നു പ്രവർത്തിക്കേണ്ട ചുമതലയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുള്ളത്. ഈ ജോലി നിർവഹിക്കാൻ തന്നെ അനുവദിക്കണമെന്ന് അഭ്യർഥിക്കുകയാണ്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചു പ്രധാനപ്പെട്ടതാണ് അത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങളും മുന്നേറ്റവും സൃഷ്ടിക്കുകയെന്നതു കേരളീയ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ഇതു ചെയ്യാനുള്ള സാവകാശം അനുവദിക്കാനുള്ള സൗമനസ്യം എല്ലാവരിൽനിന്നും പ്രതീക്ഷിക്കുന്നു.

പൊതുപ്രവർത്തനത്തിൻറെ സുദീർഘ പാരമ്പര്യമുള്ളവർ വിവാദങ്ങളുണ്ടാക്കാനും അതിനു പിന്നാലെ പോകാനുമല്ല പരിശ്രമിക്കേണ്ടത്. നിരവധി കാര്യങ്ങൾ പോസിറ്റിവായി ചെയ്യാനുണ്ട്. അതിനായി ഭരണ – പ്രതിപക്ഷങ്ങൾ കൈകോർത്തുനിന്നു പ്രവർത്തിക്കണം. മാധ്യമങ്ങളും ഇതിനു പിന്തുണ നൽകണം. വക്രീകരണവും തമസ്‌കരണവുമല്ല, പകരം ആർജവത്തോടെയുള്ള പ്രവർത്തനമാണു കേരളീയ സമൂഹം മാധ്യമങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്. സമൂഹത്തിന്റെ ഉത്തമ താത്പര്യങ്ങൾ മുൻനിർത്തിയാകണം കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്. ഏതു മനുഷ്യർക്കും മനസിലാകുന്ന കാര്യങ്ങൾപോലും മനസിലായിട്ടില്ല എന്ന രീതിയിൽ മാധ്യമങ്ങൾ അവതരിപ്പിക്കരുത്. വ്യക്തിപരമായ ആരോപണങ്ങളും ആക്രമണങ്ങളുമല്ല മാധ്യമ പ്രവർത്തനത്തിന്റെ രീതിയെന്നും മന്ത്രി പറഞ്ഞു.