ആദിവാസികള്‍ നേരിടുന്ന പോഷക ആഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമാണ് മില്ലറ്റ് വില്ലേജ് പദ്ധതി: മന്ത്രി എ.കെ. ബാലന്‍
ആദിവാസികള്‍ നേരിടുന്ന പോഷക ആഹാരക്കുറവ് പരിഹരിക്കാന്‍ അവര്‍ ശീലിച്ച ഭക്ഷണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് മില്ലറ്റ് വില്ലേജ് പദ്ധതി നടപ്പാക്കുന്നതെന്ന് പട്ടികജാതി- വര്‍ഗ പിന്നാക്ക ക്ഷേമ നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അട്ടപ്പാടി മില്ലറ്റ് വില്ലേജ് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം അട്ടപ്പാടി അഗളി എ.വി.ഐ.പി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മൂലനൊമ്പ്, കുറത്തിക്കല്ല്, വീട്ടിയൂര്‍, ചെമ്മണ്ണൂര്‍, ദോഡുഗട്ടി തുടങ്ങി ഊരുകളിലെ ഊരുമൂപ്പന്മാര്‍ക്ക് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നല്‍കിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ആദിവാസി വിഭാഗങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളത് വിപണിയില്‍ എത്തിക്കും. ഇപ്പോള്‍ തുടങ്ങുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 2000 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. വ്യക്തിഗത ആനൂകൂല്യങ്ങള്‍ മാത്രം വിതരണം ചെയ്തുകൊണ്ട് അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ സുസ്ഥിര വികസനം നടപ്പാക്കാന്‍ കഴിയില്ലെന്നും ഭൂമി, കൃഷി, തൊഴില്‍, വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങി എല്ലാമേഖലകളിലും വികസനം സാധ്യമാക്കി മാത്രമേ ഇത് നേടാനാവൂ എന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ അക്കാദമിക യോഗ്യതയുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും അതില്ലാത്തവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താന്‍ സഹായകമായ തൊഴിലും ഉറപ്പാക്കി സര്‍ക്കാര്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കും. പട്ടികവഗ വിഭാഗത്തില്‍ ഇവിടെ ഭൂമിയില്ലാത്തത് 1600 കുടുംബങ്ങള്‍ക്ക് മാത്രമാണ്. ഇതില്‍ 517 പേര്‍ക്ക് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഭൂമി ലഭ്യമാക്കി. 212 പേര്‍ക്ക് കൂടി അടുത്ത ദിവസങ്ങളില്‍ ഭൂമി നല്‍കും. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ലഭ്യമാക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള തടസങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചുവരികയാണ്. അതോടെ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാകും.
ആദിവാസ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടപ്പാടിയില്‍ നടപ്പാക്കി
പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്നിടങ്ങളിലെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. പഠന താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ആദിവാസികള്‍ക്ക് ഇടയില്‍ പരമാവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി 100 പേരെ പൊലീസില്‍ നിയമിച്ചു. സംസ്ഥാനത്തെ ടി ടി സി, ബി.എഡ് പാസായ മുഴുവന്‍ പിന്നാക്ക വിഭാഗക്കാര്‍ക്കും അധ്യാപക നിയമനം നല്‍കും. ഇതോടെ ആദിവാസി മേഖലയിലെ സ്‌കൂളുകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ഭാഷാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും. കേരളത്തിന് അപമാനമായി മാറിയ അട്ടപ്പാടിയിലെ പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കാന്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. ഭക്ഷണമില്ലാതെ ഒരാളും മരിക്കുന്ന അവസ്ഥ ഇന്ന് അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ഇല്ലാതാക്കി. ജൂണ്‍ മാസം മുതല്‍ സെപ്തംബര്‍ വരെ മുഴുവന്‍ പിന്നാക്ക കുടുംബങ്ങള്‍ക്കും അരിയും പലവ്യഞ്ജനങ്ങളും സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ഓണത്തിന് ഓണക്കിറ്റും ഓണക്കോടിയും നല്‍കും. 192 കമ്മ്യൂനിറ്റി കിച്ചനുകള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടപ്പാടിയിലെ വിദൂര ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് അട്ടപ്പാടിയിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ആരോഗ്യ പരിശോധനകള്‍ ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നും ഡോക്ടര്‍മാരും ഉണ്ട്. ഇതിന് പുറമെയാണ് എല്ലാ സൗകര്യങ്ങളും ഉള്ള മൊബൈല്‍ ക്ലിനിക്ക് . അട്ടപ്പാടിയുടെ കാര്യത്തില്‍ ഇത് എന്റെ വകുപ്പല്ല എന്ന് പറഞ്ഞൊഴിയുന്ന സമീപനം സര്‍ക്കാറിനില്ല. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ ശിശുമരണനിരക്കില്‍ സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ് ഇപ്പോള്‍ അട്ടപ്പാടിയെന്നും മന്ത്രി പറഞ്ഞു.
കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭൗമ സൂചിക ആട്ടുകൊമ്പ് അവര/ അട്ടപ്പാടി തുവര പ്രവര്‍ത്തനോദ്ഘാടനം പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി പുകഴേന്തി, മൂലക്കൊമ്പ് ഊരു മുപ്പത്തി മരുതി എന്നിവരും പരമ്പരാഗത ധാന്യ സംഭരണികളുടെ വിതരണം കൃഷിവകുപ്പ് ഡയറക്റ്റര്‍ ജസ്റ്റിന്‍ ജെ.മോഹന്‍, മേലെ വരക്കുംതറ ഊരുമൂപ്പന്‍ കോണന്‍, നക്കുപ്പതി ഊരുമൂപ്പന്‍ മുരുകേശന്‍, മേലേ സാംബാര്‍ക്കോട് ഊരുമൂപ്പന്‍ വെള്ളിങ്കിരി എന്നിവരും, ഫാന്‍ ഡയറിയുടെ വിതരണം ഒറ്റപ്പാലം സബ് കലക്റ്റര്‍ ജെറോമിക് ജോര്‍ജ്ജ്, തോട്ടമേട് ഊരുമൂപ്പന്‍ സുബ്രഹ്ണ്യന്‍, നൈനാംപട്ടി ഊരുമൂപ്പന്‍ ബാബുരാജ് എന്നിവരും നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.