കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് കൊല്ലം ജില്ല ഇനി ബി കാറ്റഗറി നിയന്ത്രണത്തിന് കീഴിലെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വര്‍ഗീകരണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബി കാറ്റഗറി നിയന്ത്രണത്തിന്റെ ആവശ്യകത കണ്ടും പുതിയ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് തീരുമാനം എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. ഇവിടങ്ങളില്‍ ഞായറാഴ്ച നിയന്ത്രണ ദിനത്തിലും 20 പേരെ അനുവദിച്ചിട്ടുണ്ട്.വിവാഹം,മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്കാണ് അനുവാദം.സാമൂഹ്യ,സാംസ്‌കാരിക,രാഷ്ട്രീയ,മത,സാമുദായിക,പൊതുപരിപാടികള്‍ പാടില്ല.

ഫെബ്രുവരി ഏഴു മുതല്‍ 10,11,12, ബിരുദ-ബിരുദാനന്തരം, ട്യൂഷന്‍ എന്നീ ക്ലാസുകള്‍ ഓഫ്ലൈനായി നടത്താം. 14 മുതല്‍ 1-9 വരെ, ക്രഷ്-കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളും ഓഫ്ലൈനാകാം. ഞായറാഴ്ച നിയന്ത്രണത്തില്‍ മാറ്റമില്ലെങ്കിലും പ്രത്യേക അനുമതി ലഭിച്ച അവശ്യ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം.സിനിമ തീയറ്ററുകള്‍ തുറക്കാം. ജിംനേഷ്യങ്ങളും പ്രവര്‍ത്തിപ്പിക്കാം.

ജില്ലയില്‍ ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആകുന്നുവെങ്കില്‍, ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈന്‍ തീയതിയില്‍ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കില്‍ അവയാണ് കാറ്റഗറി 2 (ബി) ല്‍ ഉള്‍പ്പെടുന്നത് എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.ജില്ലാതല ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ്-ദുരന്തനിവാരണ അതോറിറ്റി പ്രതിനിധികളും അവലോകന യോഗത്തില്‍ പങ്കെടുത്തു.