സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലയിലെ ജനകീയ ഭക്ഷണശാലകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പരാധീനത പിടിമുറുക്കിയിട്ടുണ്ട്. കരകയറാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി മുന്നോട്ട് പോകുകയാണ് ഇപ്പോള്‍. തൊഴിലും വരുമാനവും നിലനിര്‍ത്തുന്നതിന് ഉതകുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുകയുമാണ്. അവയില്‍ സുപ്രധാനമാണ് ജനകീയ ഹോട്ടലുകള്‍. ആരും പട്ടിണി കിടക്കരുത് എന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് ഇതിന് വഴിയൊരുക്കിയത്.
കുറഞ്ഞ ചിലവില്‍ നിലവാരമുറപ്പാക്കിയുള്ള ആഹാരമാണ് ജനകീയ ഭക്ഷണശാലകളുടെ മുഖ്യ സവിശേഷത. കുടുംബശ്രീ ഉള്‍പ്പടെ മുന്‍കൈയെടുത്താണ് ഇത്തരം സംരംഭങ്ങള്‍ നാട്ടിലാകെ നടത്തുന്നത്. ഒരേ സമയം വരുമാനവും തൊഴിലും ഉറപ്പാക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരവുമാണ് ഇവ. ഈ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തനം സുഗമമാക്കുന്നതിന് 30 കോടി രൂപ അടുത്തിടെ അനുവദിച്ചത്. കോവിഡിന്റെ ഭീഷണി നിലനില്‍ക്കെ പാവപ്പെട്ടവര്‍ക്ക് അന്നം മുട്ടാതെ നല്‍കുന്ന സംരംഭം എന്ന നിലയ്ക്ക് ആവശ്യമായ പിന്തുണ തുടര്‍ന്നും സര്‍ക്കാര്‍ ഉറപ്പാക്കും. മികച്ച നിലയിലാണ് ഹോട്ടലുകളുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനഭാരവാഹികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം മൈലം പഞ്ചായത്തിലെ സന്ദര്‍ശനത്തില്‍ പങ്കെടുത്തു