ജില്ലയില്‍ കായിക താരങ്ങളെ വളര്‍ത്തുന്നതില്‍ സ്പോര്‍ടസ് കൗണ്‍സില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ പറഞ്ഞു. കായികതാരങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഉറപ്പാക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നിന്നും കൂടുതല്‍ പ്രതിഭകളെ വാര്‍ത്തെടുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷനായ എ.ഡി.എം ടി.എന്‍. വിജയന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ (20152016, 20162017, 20172018) പ്രവര്‍ത്തന റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത വരവുചെലവ് കണക്കും അംഗീകരിച്ചു. 2018-2019 വര്‍ഷത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഡിറ്ററായി സി.കെ നായര്‍ ആന്‍ഡ് കമ്പനിയെ നിശ്ചയിച്ചു. പാലക്കാട് ജില്ലയിലെ അന്താരാഷ്ട്ര യശസ്സിലേക്കുയര്‍ത്തിയ ലോങ് ജമ്പ് ദേശീയ താരം എം. ശ്രീശങ്കറിനെ അനുമോദിച്ചു. ആസാമില്‍ നടന്ന അന്തര്‍ സംസ്ഥാന അത്ലറ്റിക്ക് മീറ്റില്‍ സ്വര്‍ണ മെഡല്‍, ജപ്പാനില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്ക് മീറ്റില്‍ വെങ്കലം, പഞ്ചാബില്‍ നടന്ന ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്കില്‍ സ്വര്‍ണ മെഡല്‍, ഫിന്‍ലാന്‍ഡില്‍ നടന്ന ലോക ജൂനിയര്‍ അത്ലറ്റിക്ക് മീറ്റില്‍ ആറാം സ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങളാണ് എം. ശ്രീശങ്കര്‍ കൈവരിച്ചത്. അടുത്ത മാസം ജാര്‍ഖണ്ഡില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും ശ്രീശങ്കര്‍ മല്‍സരിക്കും. ജില്ലയില്‍ കായിക രംഗത്ത് പ്രവര്‍ത്തിച്ച കെ.എന്‍ പരമേശ്വരന്‍, ശിവകുമാര്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ബിജു ഗ്രിഗറി, എക്സിക്യൂട്ടീവ് അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.