ജില്ലയിലെ മൂന്ന് വിദ്യാലയങ്ങള്‍ കൂടി ഹൈടെക് ആയി. വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാക്കവയല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വടുവഞ്ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവക്കായി പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ മുഖച്ഛായ മാറ്റി ഒരു നവകേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂളുകളുടെ നവീകരണം അതിന്റെ ഭാഗമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ചത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി 6.68 കോടി ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഒരുക്കിയത്.

സ്‌കൂള്‍തല ചടങ്ങുകളില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. ജനപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും സന്നിഹിതരായിരുന്നു. കാക്കവയല്‍, വടുവഞ്ചാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളുകള്‍ക്ക് കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ വീതം വകയിരുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 68 ലക്ഷം രൂപയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.