സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടര്‍ച്ചയായ വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്‍പത് സ്‌കൂള്‍ ബഹുനില കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മിച്ച അഞ്ച് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നാല് സ്‌കൂളുകളിലെ കെട്ടിടങ്ങളുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരള സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലേതടക്കം സംസ്ഥാനത്ത് 53 സ്‌കൂള്‍ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.

ആധുനിക ലോകത്തിന് അനുസൃതമായ രീതിയില്‍ വിദ്യഭ്യാസ നിലവാരത്തെ ഉയര്‍ത്തി കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വരും തലമുറക്കും കൂടെയുള്ളതാണെന്നും നാടിന്റെ ക്ഷേമം എല്ലാ ജനങ്ങള്‍ക്കുള്ളതാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംസ്ഥാനതല പരിപാടിയില്‍ പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി.


കിഫ്ബിയുടെ അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കൊണ്ടോട്ടി ജി.വി.എച്ച്. എസ്.എസ്, കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ചാലിയപ്പുറം ജി.എച്ച്.എസ്.എസ്, നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസ്, വേങ്ങര ജി.എം.വി.എച്ച്.എസ്.എസ്, പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ് എന്നീ അഞ്ച് സ്‌കൂളുകള്‍ കെട്ടിടങ്ങളും പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 1.6 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മലപ്പുറം ജി.ബി.എച്ച്.എസ്.എസ്, ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച പൂക്കുത്ത് ജി.എല്‍.പി.എസ്, 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കാരാട് ജി.എല്‍.പി.എസ്, 40 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച തുറക്കല്‍ ജി.എല്‍.പി.എസ് തുടങ്ങിയ നാല് സ്‌കൂളുകളടക്കം ഒന്‍പത് കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

മലപ്പുറം ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു.

കിഫ്ബിയില്‍ നിന്നു മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച വേങ്ങര ജി.എം.വി.എച്ച്.എസ്.എസിന്റെപുതിയ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയും പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസിന്റെ പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജയും നിര്‍വഹിച്ചു. കൊണ്ടോട്ടി മണ്ഡലത്തിലെ നാല് സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.