വാഴക്കാല മൂലേപ്പാടത്ത് പാടമായി കിടന്നിരുന്ന സ്ഥലം മണ്ണടിച്ച് നികത്തുന്നത് തടഞ്ഞ് അധികൃതര്‍.മണ്ണടിക്കാ൯ ഉപയോഗിച്ച വാഹനത്തിന് പാസില്ലാതിരുന്നതിനാൽ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.

കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജിന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി തഹസിൽദാർ ടി.കെ ബാബു, വില്ലേജ് ഓഫീസർ സി. ഇന്ദുലേഖ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ.എ. ബീന എന്നിവരടങ്ങിയ സംഘമാണ് പാടം നികത്തുന്നത് തടഞ്ഞ് വാഹനം പിടിച്ചെടുത്തത്.ജില്ലാ ആസ്ഥാനമായ കാക്കനാടും പരിസരത്തും പാടമായി കിടക്കുന്ന പ്രദേശങ്ങളിൽ നികത്തൽ നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർശന നടപടി സ്വീകരിക്കാ൯ ജില്ലാ കളക്ടർ ജാഫർ മാലിക്, ഫോർട്ടുകൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജ് എന്നിവർ നിർദേശം നൽകിയിരുന്നു.

പാടമായി കിടക്കുന്ന ഭൂമി പുരയിടമായി രേഖകളിൽ കാണുന്ന കേസുകൾ വിശദമായി പരിശോധിച്ചു വരികയാണ്. ക്രമക്കേട് കണ്ടെത്തുന്ന പക്ഷം ഭൂമി പൂർവസ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കും.

പാടം നികത്തൽ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജിന്റെ നേതൃത്വത്തിൽ വിവിധ വില്ലേജുകളിൽ പ്രത്യേക സംഘത്തിനും രൂപം നൽകിയിട്ടുണ്ട്. പൊലീസുമായി ചേർന്നാണ് സംഘത്തിന്റെ പ്രവർത്തനം. പാടം നികത്തൽ ശ്രദ്ധയിൽ പെട്ടാൽ തഹസിൽദാർക്ക് വിവരം കൈമാറാവുന്നതാണ്.