കോവിഡ് പശ്ചാത്തലത്തില്‍  25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിച്ച് മാരാമണ്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍റ്റിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കൈവശമുള്ള 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം പാടുള്ളു. രോഗലക്ഷണമില്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാം.

പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക് മുഴുവന്‍ സമയവും ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പു വരുത്തണം. പന്തലില്‍ ആഹാര സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നെന്ന് കണ്‍വന്‍ഷന്‍ സംഘാടകര്‍ ഉറപ്പുവരുത്തണം.