തിരുവനന്തപുരം: സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള സമഗ്ര പദ്ധതികൾക്ക് അഴൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇതിനായി ഹരിതകർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ പറഞ്ഞു. ലക്ഷ്യസാക്ഷാത്കാരത്തിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ പഞ്ചായത്തിൽ ആരംഭിച്ചതായും വാതിൽപ്പടി സേവനത്തിലൂടെ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങളിൽ നിന്ന് പ്ലാസ്റ്റിക്, ഇ-വേസ്റ്റ് എന്നിവ തരംതിരിച്ച് റീസൈക്കിൾ ചെയ്തുവരുന്നതായും പ്രസിഡന്റ് പറഞ്ഞു. ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ പഞ്ചായത്തിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്ത ഘട്ടമായി മാലിന്യങ്ങളിൽ നിന്ന് ജൈവവളം നിർമിച്ച് കാർഷിക ഉത്പാദനമേഖലയ്ക്ക് കരുത്ത് പകരാനൊരുങ്ങുകയാണ് പഞ്ചായത്ത് അധികൃതർ.

കൂടാതെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിലും മാർക്കറ്റുകളിലും വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയങ്ങളും പണിയും. കായലുകളും തോടുകളും അടക്കമുള്ള കുടിവെള്ള സ്രോതസുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിക്കുന്ന പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി അഴൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കും.