തദ്ദേശസ്വയംഭരണ ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 19-ന് ഉച്ചതിരിഞ്ഞ്് 3.00 മണിക്ക് കോവളം വെള്ളാറിലെ ആർട്‌സ് & ക്രാഫ്റ്റ് വില്ലേജിലാണ് ഉദ്ഘാടന ചടങ്ങ്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യാതിഥികളായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവർ പങ്കെടുക്കും. മികച്ച ഗ്രാമ / ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവയ്ക്കുമുള്ള സംസ്ഥാന തല പുരസ്‌കാരങ്ങൾ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിൽ വിതരണം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുക. സംയോജിത തദ്ദേശ സ്വയംഭരണ സർവ്വീസ്, നവകേരള കർമ്മ പരിപാടി എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ആഘോഷ പരിപാടികളുടെ ഭാഗമായി ഫെബ്രുവരി 18ന് മൂന്നു വിഷയങ്ങളെ ആസ്പദമാക്കി ഓൺലൈൻ സെമിനാറുകൾ സംഘടിപ്പിക്കും.  ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷത്തിൽ പുതുതലമുറ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും, അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയിൽ നിന്നും സമാനതകളില്ലാത്ത ദാരിദ്ര്യ ലഘൂകരണ പ്രക്രിയയിലേക്ക്, വാതിൽപ്പടി സേവനം സാധ്യതകൾ എന്നിവയാണ് സെമിനാർ വിഷയങ്ങൾ. സെമിനാർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യു എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സെമിനാർ ലൈവ് ടെലികാസ്റ്റ് ചെയ്യും. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലും ലൈവ് സംപ്രേക്ഷണം ഉണ്ടാവും.

തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളിൽ ഫെബ്രുവരി 19ന് ജില്ലാ തലത്തിലും ബ്ലോക്ക്  തലത്തിലും സെമിനാറുകളും ചർച്ചയും സംഘടിപ്പിക്കും. ജില്ലാ തല ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ ജില്ലാതല ആഘോഷ പരിപാടിയിൽ വിതരണം ചെയ്യും.
സംസ്ഥാനതല സംഘാടന സമിതി യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മേയേഴ്സ് കൗൺസിൽ കേരള പ്രസിഡന്റ്  എം. അനിൽകുമാർ, ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർമെൻ എം. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി. പി. മുരളി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സുരേഷ്, ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ബാലമുരളി, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം. പി. അജിത് കുമാർ, കില ഡയറക്ടർ ഡോ. ജോയി ഇളമൺ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ത്രേസ്യാമ്മ ആന്റണി തുടങ്ങിയവർ സ്വാഗതസംഘം യോഗത്തിൽ സംസാരിച്ചു.