കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ പൊതുജീവിതം സാധാരണ നിലയിൽ ആവാത്തതിനാൽ എല്ലാ നിർമ്മാണ പെർമിറ്റുകളുടേയും കാലാവധി ജൂൺ 30 വരെ ദീർഘിപ്പിച്ചു നൽകുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് നിലവിലിരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയ നിർമ്മാണ പെർമിറ്റുകളുടെ കാലാവധി 2020 മാർച്ച് 10ന് അവസാനിച്ചിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അത് 2021 ഡിസംബർ 31 വരെ നീട്ടി നൽകാൻ സർക്കാർ തയ്യാറായി. ഇപ്പോൾ അത് ജൂൺ മാസം വരെ നീട്ടി നൽകി സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.