ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം വൈത്തിരിയിലെ ഹോട്ടലുകളിലും തട്ട് കടകളിലും ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ ചില സ്ഥാപനങ്ങൾ പഞ്ചായത്ത് ലൈസൻസോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷനോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ചില കടകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. ഹെൽത്ത് കാർഡില്ലാതെ ജീവനക്കാർ ജോലി ചെയുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങളിലെ ഉടമകൾക്കും തൊഴിലാളികൾക്കും അധികൃതർ താക്കീത് നൽകി.
ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ്മാരായ ബാലൻ സി സി, ഷാജി കെ എം, കല്പറ്റ ഫുഡ് സേഫ്റ്റി ഓഫീസർ രേഷ്മ എം കെ, ഹെൽത്ത് ഇൻസ്‌പെക്ടർ പങ്കജാക്ഷൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷാജി വി, ഹരീഷ് എം എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. കൃത്യമായ മാനദണ്ഡം പാലിക്കാതെയും ശുചിത്വമില്ലാതെയും ഭക്ഷണശാലകളും പ്രവർത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. കെ. സക്കീന പറഞ്ഞു. ഇത്തരം കച്ചവടക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.