കൊല്ലായ്ക്കല്‍ വാര്‍ഡ് ഇരുപതില്‍ ടേക്ക് എ ബ്രേയ്ക്ക് പദ്ധതി തുടങ്ങി. നവകേരള മിഷന്‍ പ്രോജക്ടില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിന കര്‍മപരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. ടേക്ക് എ ബ്രേയ്ക്ക് യൂണിറ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീകള്‍ നാടിന്റെ മുഖശ്രീ ആണെന്നും ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കി 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നല്‍കിയ  കുടുംബശ്രീ  കൂട്ടായ്മയില്‍ സമൂഹത്തിന്റെ എല്ലാ രംഗത്തും വന്‍ മുന്നേറ്റം സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏത് സമയത്തും ഉപയോഗിക്കത്തക്ക വിധത്തില്‍ ആധുനിക സജ്ജീകരണങ്ങളോടെ ശുചിമുറിയും ലഘുഭക്ഷണശാലയും, റ്റി സ്റ്റാള്‍ ആന്‍ഡ് കൂള്‍ ബാര്‍ അടക്കം  ഉള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്.പള്ളിക്കല്‍ പഞ്ചായത്തിന്റെ പദ്ധതി വിഹിതം, കുടുംബശ്രീ, ശുചിത്വ മിഷന്‍ എന്നിവ സംയുക്തമായാണ് ടേക്ക് എ ബ്രേയ്ക്ക് പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുശീല കുഞ്ഞമ്മകുറുപ്പ് അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് അംഗം വി. വിനേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന റെജി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. എച്ച്. സെലീന,മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.