കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ കോട്ടുവള്ളി സെന്റ് ലൂയിസ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ വിളയിച്ച ജൈവ പച്ചക്കറിക്കൃഷി വിളവെടുത്തു. സ്‌കൂള്‍ അങ്കണത്തില്‍ വര്‍ഷങ്ങളായി തരിശായി കിടന്ന 50 സെന്റ് സ്ഥലം കുട്ടികളുടെ നേതൃത്വത്തില്‍ കാട് വെട്ടിത്തെളിക്കുകയായിരുന്നു.

കുട്ടികള്‍ ആരംഭിച്ച ജൈവ പച്ചക്കറിക്കൃഷി വിളവെടുപ്പുത്സവം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നത് ഗ്രാമപഞ്ചായത്തിന്റെ മുഖ്യ പരിഗണനയാണെന്നും എല്ലാ വിദ്യാലയങ്ങളിലും കൃഷിയാരംഭിക്കുമെന്നും കെ.എസ് ഷാജി പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം ഷാരോണ്‍ പനയ്ക്കല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജാ വിജു, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ തോമസ്, ഗ്രാമപഞ്ചായത്തംഗം പ്രഷീല ബെന്നി, എ.ഇ.ഒ. ലത, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.