മാന്നാനം ദേവാലയത്തിനോട് ചേർന്ന് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ വന്നിറങ്ങിയ മാന്നാനം കടവും അതിനോട് ചേർന്നുള്ള കൈത്തോടുകളും ശുചീകരിക്കുന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മാന്നാനം കടവിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന തോമസ് കോട്ടൂർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.കെ. ഷാജിമോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതി പൂർത്തിയാകുന്നതിലൂടെ ഇതിലൂടെയുള്ള ജലഗതാഗതം സുഗമമാകും. തോട്ടിലെ നീരൊഴുക്ക് വർധിക്കുന്നതിനും പ്രദേശത്തെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാനും മേഖലയിലെ ടൂറിസം സാധ്യത വർധിക്കുന്നതിനും സഹായകമാകും.