ജില്ലയില്‍ വൈദ്യുത അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വൈദ്യുത അപകട നിവാരണ സമിതിയുടെ മുന്നറിയിപ്പ്. ലൈനിന് സമീപം ഇരുമ്പ് തോട്ടി, ഏണി എന്നിവ ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. വിളവെടുപ്പ് കാലമായ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ വിളകള്‍ പറിച്ചെടുക്കാന്‍ ഇരുമ്പ് തോട്ടി, ഇരുമ്പ് ഏണി എന്നിവയുടെ ഉപയോഗം വ്യാപകമാകുമ്പോഴാണ് അപകടങ്ങള്‍ കൂടുന്നത്. മൂന്ന് പേര്‍ക്കാണ് വിളവെടുപ്പ് സമയത്ത് കഴിഞ്ഞ വര്‍ഷം അപകടമുണ്ടായത്.

കഴിഞ്ഞ വര്‍ഷം മാത്രം വയനാട് ജില്ലയില്‍ വൈദ്യുത അപടകങ്ങളില്‍ പെട്ടത് 11 പേര്‍. അനധികൃതമായി ഇലക്ട്രിക് വേലിയിലൂടെ കറന്റ് കടത്തി വിട്ടതിനാല്‍ വേലിയില്‍ തട്ടി മൂന്ന് പേരും അനധികൃതമായ വയറിംഗ് ജോലി ചെയ്യുന്നതിനിടെ അഞ്ച് പേരും മരിച്ചു. വീടുകളിലെ വയറിംഗുകളില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് പേരും കഴിഞ്ഞ വര്‍ഷം മരിച്ചിട്ടുണ്ട്. ഇ.എല്‍.സി.ബി (എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) സ്ഥാപിക്കുകയാണെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ അപകട നിവാരണ സമിതി ചൂണ്ടിക്കാട്ടി.

പുരയിടത്തില്‍ക്കൂടി കടന്നുപോകുന്ന പഴയ ലൈനുകള്‍, ഉടമസ്ഥന്‍ ചെലവ് വഹിക്കുകയാണെങ്കില്‍ റോഡുകളിലേക്ക് മാറ്റി സ്ഥാപിക്കും. നിലവിലുളള കമ്പി മാറ്റി ഇന്‍സുലേറ്റഡായ എ ബി സി കണ്ടക്ടറുകള്‍ സ്ഥാപിച്ചാല്‍ ഉപഭോക്താവിനും അവരുടെ പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്കും ജീവഹാനി ഒഴിവാക്കാനാകും. താല്‍പര്യമുളളവര്‍ ടോള്‍ഫ്രീ നമ്പര്‍ ആയ 1912 ല്‍ ബന്ധപ്പെട്ടാല്‍ മതി.