കൊച്ചി നഗരത്തിന്റെ സമുദ്രഭിത്തിയായി 25 കിലോമീറ്റര്‍ നീളത്തിലും 3 കിലോമീറ്റര്‍ വീതിയിലും സ്ഥിതി ചെയ്യുന്ന, രണ്ട് ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വികസന പ്രവര്‍ത്തനങ്ങളെകുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ സംസാരിക്കുന്നു

മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനം,
സംസ്ഥാനത്തെ ആദ്യത്തെ സിഎഫ്എല്‍ടിസി

ഭരണത്തിലേറിയപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി കോവിഡ് മഹാമാരി തന്നെ ആയിരുന്നു. എന്നാല്‍ ബ്ലോക്ക്തലത്തില്‍ തന്നെ സംസ്ഥാനത്തെ ആദ്യത്തെ സിഎഫ്എല്‍ടിസി ആരംഭിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് അതിനെ നേരിട്ടത്. 5 ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് അസിസ്റ്റന്റ് സ്റ്റാഫുകളുമടക്കം സജീവമായാണ് സിഎഫ്എല്‍ടിസി പ്രവര്‍ത്തിച്ചത്. കൂടാതെ ആശുപത്രികളിലേക്കുവേണ്ട കോവിഡ് അനുബന്ധ ഉപകരണങ്ങള്‍ വാങ്ങി നല്‍കുകയും ഓരോ ആശുപത്രിക്കും രണ്ടു ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നു. ഇക്കാലയളവില്‍ കോവിഡ് സേനയ്ക്കുള്ള ഉപകരണങ്ങളും പ്രത്യേക പരിശീലനവും നല്‍കി. വാക്‌സിനേഷന്‍ ആദ്യ ഡോസ് നൂറു ശതമാനം പൂര്‍ത്തീകരിക്കുകയും രണ്ടാമത്തെ ഡോസ് നൂറിനടുത്ത് എത്തി നില്‍ക്കുകയും ചെയ്യുന്നു.

കുടിവെള്ളക്ഷാമത്തിന് വേഗതയേറിയ പരിഹാരം

വൈപ്പിന്‍ ജനതയുടെ പ്രധാന പ്രശ്‌നം കുടിവെള്ളക്ഷാമം ആണ്. ഇതിനു പരിഹാരം കാണാന്‍ 32 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത്. പഴയ പൈപ് ലൈന്‍ മാറ്റി പുതിയതു സ്ഥാപിച്ചതു വഴി ഒരു പരിധി വരെ കുടിവെള്ളക്ഷാമത്തിനു തടയിടാനായി.

മാലിന്യസംസ്‌കരണത്തിന് ഒരു കോടി രൂപ

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒരുപാടുള്ള പ്രദേശമായതിനാല്‍ മാലിന്യ സംസ്‌കരണം മറ്റൊരു പ്രതിസന്ധിയാണ്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപയോളം മാറ്റിവച്ചിരിക്കുകയാണ്. മാലിന്യങ്ങള്‍ ശേഖരിച്ച് ക്യാപ്‌സൂള്‍ രൂപത്തിലാക്കുന്ന ഷെഡിംഗ് മെഷീനുകള്‍, ബൈലിംഗ് മെഷീനുകള്‍, മാലിന്യശേഖരണത്തിനുള്ള ഉന്തുവണ്ടികള്‍, ജൈവ മാലിന്യ സംസ്‌കരണകേന്ദ്രങ്ങള്‍ എന്നിവ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കായി ‘ഷീ പാഡ്’ പദ്ധതി

വൈപ്പിന്‍ ബ്ലോക്ക് പരിധിയിലെ എല്ലാ ഹൈസ്‌കൂളുകളിലും ‘ഷീ പാഡ്’ പദ്ധതി പ്രകാരം സാനിറ്ററി നാപ്കിന്‍ വെന്റിംഗ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി 8,74,105 രൂപ ചെലവഴിച്ചു. സ്‌കൂളുള്‍ ലൈബ്രറികളിലേക്കായി പുസ്തകങ്ങള്‍ വിതരണം ചെയ്തു. മഴവെള്ള സംഭരണി, കിണര്‍ റീചാര്‍ജിങ് തുടങ്ങിയവയ്ക്കു സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.

വയോജന സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്

വയോജന ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്. അങ്കണവാടികളില്‍ ഇവര്‍ക്കായി പ്രത്യേക ലൈബ്രറികളും കസേരകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ 5 അങ്കണവാടികളില്‍ ട്രെഡ്മില്ലുകളും വയോജനങ്ങള്‍ക്കായി സ്ഥാപിച്ചിട്ടുണ്ട്.

കൈത്തറി മേഖലയ്ക്ക് ഒരു കൈത്താങ്ങ്

ബ്ലോക്കിലെ നായരമ്പലം ഗ്രാമപഞ്ചായത്തില്‍ കൈത്തറി മേഖല പ്രവര്‍ത്തിക്കുന്നുണ്ട്. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഈ മേഖലയെ ശക്തിപ്പെടുത്താന്‍ 5 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. എസ് സി വനിതകള്‍ക്കുള്ള സഹായം എന്ന നിലയിലാണ് ഇതു നല്‍കുന്നത്.

പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം ബഹുദൂരം മുന്നില്‍

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി നല്‍കുന്ന മെറിട്ടോറിയല്‍ സ്‌കോളര്‍ഷിപ്പ് മികച്ച രീതിയിലാണു നടപ്പാക്കുന്നത്. ഇതുവരെ 77 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. കൂടാതെ പഠനമുറി പദ്ധതി പ്രകാരം 21 ലക്ഷം രൂപ ചെലവില്‍ നിര്‍ധനരായ കുട്ടികള്‍ക്കു പഠനമുറിയും നിര്‍മിച്ചു നല്‍കാനായി.

മികവേറിയ കാര്‍ഷികരംഗം

പൊക്കാളി നെല്‍കൃഷിയാണ് വൈപ്പിന്‍ പ്രദേശത്തെ പ്രധാന കൃഷി. കൃഷി പരിപോഷിപ്പിക്കാന്‍ കര്‍മസേനകള്‍ രൂപീകരിക്കുകയും ഇതിനായി 1.5 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ബ്ലോക്കിന്റെ നേതൃത്വത്തില്‍ പൊക്കാളികൃഷി ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ രണ്ടു ലക്ഷം രൂപ ചെലവഴിച്ച് കുടുംബശ്രീ വഴി ഓരോ വീട്ടിലും ഫലവൃക്ഷത്തൈകള്‍ നട്ട് പിടിപ്പിക്കാനും സാധിച്ചു.

വൈപ്പിന്‍ കരയ്ക്കായി ഒരു മാസ്റ്റര്‍ പ്ലാന്‍

കടലിനും കരയ്ക്കും നടുക്കായി സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ വൈപ്പിന്‍ ദ്വീപിനെ ദുരന്തമുഖത്ത് നിന്ന് രക്ഷിക്കുന്നതിനുള്ള തുടക്കമെന്ന നിലയിലാണ് ‘ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും’ എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിച്ചത്. ശില്‍പശാലയില്‍ പങ്കെടുത്ത വിദഗ്ധരുടെ വിശകലനങ്ങളും പരമ്പരാഗതമായ നാട്ടറിവുകളും ഉള്‍പ്പെടുത്തി വൈപ്പിന്‍ കരയ്ക്കായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്.

വീരം പുഴയുടെ ആഴം വര്‍ധിപ്പിക്കുക, തോടുകളുടെ ആഴം വര്‍ധിപ്പിക്കുക, കണ്ടല്‍ക്കാടുകള്‍ വളര്‍ത്തുക, ‘നെല്ലും മീനും’ എന്ന ആശയം മുന്‍നിര്‍ത്തി പൊക്കാളി കൃഷിയോടൊപ്പം മീന്‍, ചെമ്മീന്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി നൂതന കൃഷിസാധ്യതകള്‍ ഉപയോഗപ്പെടുത്തുക, മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുക, തൊഴില്‍ സാധ്യതകള്‍ വിശാലമാക്കുക – തുടങ്ങിയവയാണു ശില്പശാലയില്‍ നിന്നും ഉരുത്തിരിഞ്ഞ പ്രധാന നിര്‍ദേശങ്ങള്‍.

കുടുംബശ്രീയുടെ സ്റ്റാര്‍ട്ട്അപ്പ്

കുടുംബശ്രീയുടെ സ്റ്റാര്‍ട്ട്അപ്പ് ഓണ്‍ട്രപ്രണര്‍ഷിപ് പദ്ധതിക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്. ഈ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള എക്കോ ഷോപ്പും എല്ലാ പഞ്ചായത്തുകളിലും അനുവദിച്ചിട്ടുണ്ട്. ഇതിനായി ഒരു ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്.

ക്ഷീരരംഗത്ത് വ്യത്യസ്തമായ പദ്ധതി

വെള്ളപ്പൊക്കം വന്നാല്‍ കന്നുകാലികള്‍ക്കും അഭയകേന്ദ്രം ഉണ്ടാകണം എന്ന ആശയത്തില്‍ നിന്ന് തൊഴുത്തുകള്‍ ഉയര്‍ത്തിക്കെട്ടുക എന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. കൂടാതെ കാലിത്തീറ്റ സബ്‌സിഡി, പാല്‍ സബ്‌സിഡി എന്നിവയടക്കം 15 ലക്ഷം രൂപ ഈ വിഭാഗത്തില്‍ മാറ്റിവച്ചിട്ടുണ്ട്.

ഓരോ സ്ഥാപനവും എന്റെ അഭിമാനം’ കാമ്പയിന്‍

‘ഓരോ സ്ഥാപനവും എന്റെ അഭിമാനം’ എന്ന കാമ്പയിന്‍ വഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും ഘടക സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സാഹചര്യം ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

മറ്റ് പ്രവര്‍ത്തനങ്ങള്‍

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍, അവരുടെ സ്‌കൂളുകളിലേക്ക് ഉപകരണങ്ങള്‍ എന്നിവ നല്‍കിവരുന്നു. വനിതകള്‍ക്കായി ട്രാക്ടര്‍ പരിശീലനം, തെങ്ങുകയറ്റ പരിശീലനം, ആരോഗ്യരക്ഷാ ക്ലാസുകള്‍ എന്നിവ നടത്തി. ലൈഫ് പദ്ധതി പ്രകാരം 600ല്‍ പരം വീടുകളും പിഎംഎവൈ പദ്ധതി പ്രകാരം 41 വീടുകളും നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്

അഭിമുഖം: എം.കെ നിസ്രി
PRISM, I&PRD ERNAKULAM