ഷോര്‍ട്ട്ഫിലിമുകളുടെ സാധ്യത സമൂഹത്തിന്റെ നന്‍മയ്ക്കായി ഉപയോഗിക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വഴുതയ്ക്കാട് വിമന്‍സ് കോളേജില്‍ സംഘടിപ്പിച്ച ഷോര്‍ട്ട്ഫിലിം, സാഹസിക ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞാലും മനസില്‍ തങ്ങി നില്‍ക്കുന്ന ചില ഷോര്‍ട്ട് ഫിലിമുകളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ഭ്രൂണഹത്യയ്ക്ക് എതിരായ എ നേഷന്‍ വിത്തൗട്ട് വിമന്‍ എന്ന സിനിമ അത്തരത്തിലൊന്നാണ്. ഇന്ന് കലയില്‍ അഭിപ്രായം പാടില്ല, സിനിമ ചെയ്യാന്‍ പാടില്ല, എഴുതാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളാണ്. എം. ടിയുടെ നിര്‍മാല്യം എന്ന സിനിമ കേരളത്തിന്റെ സഹിഷ്ണുതയുടെ ഏറ്റവും വലിയ ലക്ഷണമാണ്. ബോധ്യങ്ങളുണ്ടാക്കാനുള്ള സിനിമയുടെ ശേഷിയാണ് അതിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
രാമായണത്തിന്റെ പേറ്റന്റ് തങ്ങളുടെ കൈയിലാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ആദ്യ പാഠങ്ങള്‍ രാമായണത്തിലുണ്ട്. ഭാരതീയ സംസ്‌കാരത്തെ നമ്മുടെ ചിന്തയ്ക്കും നന്‍മയ്ക്കും അനുസരിച്ച് വ്യാഖ്യാനിക്കാന്‍ രാമായണത്തിന് ശേഷയുണ്ട്. സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കുമ്പോള്‍ രാമായണം സ്ത്രീപക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു.
അവഗണിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍നിരയില്‍ കൊണ്ടുവരാന്‍ ആവശ്യമായ പദ്ധതികള്‍ കഴിഞ്ഞ രണ്ടു വര്‍ഷം യുവജന ക്ഷേമ ബോര്‍ഡ് ആവിഷ്‌കരിച്ച് ഫലപ്രദമായി നടപ്പാക്കിയതായി അധ്യക്ഷത വഹിച്ച കായിക യുവജനക്ഷേമ മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. ബോര്‍ഡ് വ്യത്യസ്തമായ പാതയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. സാഹസിക ഫോട്ടോഗ്രാഫി, ഷോര്‍ട്ട് ഫിലിം രംഗത്തെ കഴിവുള്ളവരെ പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, അംഗങ്ങളായ ഷെരീഫ് പാലൊളി, സന്തോഷ് കാല, മെമ്പര്‍ സെക്രട്ടറി എം. എസ്. കണ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.