കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്(കെ ഫോൺ) പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. സ്‌കൂളുകൾ, ആശുപത്രികൾ, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യതയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിൽ സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനവും ലഭ്യമാക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതിയാണ് കെ ഫോൺ.

ജില്ലയിൽ 626 സ്ഥാപനങ്ങളിൽ കേബിൾ കണക്ഷൻ

സ്ഥാപനങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നതിനാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രഥമ പരിഗണന. ജില്ലയിൽ 626 സ്ഥാപനങ്ങളിൽ ഇന്റർനെറ്റ് നൽകുന്നതിന് ഫൈബർ കേബിൾ കണക്ഷൻ എത്തിച്ചുകഴിഞ്ഞു. ഇതിൽ 428 എണ്ണത്തിൽ മോഡം, യു.പി.എസ്. റാക്ക് ഇൻസ്റ്റലേഷൻ അടക്കമുള്ള കണക്ടിവിറ്റി പ്രവൃത്തികളും പൂർത്തീകരിച്ചു. നിലവിൽ 955 കിലോമീറ്റർ നീളത്തിൽ ഫൈബർ ഒപ്റ്റിക്കൽ കേബിൾ സ്ഥാപിച്ചതായും കെ-ഫോൺ അധികൃതർ പറഞ്ഞു. റെയിൽവേ മേൽപ്പാലങ്ങളുടേയും ദേശീയ പാത അതോറിറ്റിയുടേയും അനുമതി ലഭ്യമായാൽ ബാക്കി സ്ഥാപനങ്ങളിലെ ഫൈബർ കണക്ടിവിറ്റിയും റാക്ക് ഇൻസ്റ്റലേഷനും പൂർത്തിയാക്കും.
കെ-ഫോൺ ശൃംഖലയുടെ ഭാഗമായി ജില്ലയിലെ 24 പോപുകൾ (പോയിന്റ് ഓഫ് പ്രസൻസ്) വരുന്ന കെഎസ്ഇബി സബ് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 2561.633 കിലോമീറ്ററിലാണ് ഫൈബർ കേബിൾ സ്ഥാപിക്കുന്നത്. കെഎസ്ഇബി യുടെ ട്രാൻസ്മിഷൻ ടവറുകളിലെ പ്രധാന ലൈനുകളിലൂടെ ഒപ്റ്റിക്കൽ ഗ്രൗണ്ട് എർത്ത് വയർ (ഒപിജിഡബ്യൂ) കേബിൾ ജോലികൾ 71.19 ശതമാനവും (135 കി.മീ) വൈദ്യുത പോസ്റ്റുകളിലൂടെ ഓൾ ഡൈ-ഇലക്ട്രിക് സെൽഫ് സപ്പോർട്ടിംഗ് കേബിൾ (എഡിഎസ്എസ്) സ്ഥാപിക്കുന്ന ജോലികൾ 34.57 ശതമാനവും (820 കി.മീ) പൂർത്തിയായി.
കെ.എസ്.ഇ.ബിയുടെയും കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെയും (കെ.എസ്.ഐ.റ്റി.ഐ.എൽ) സംയുക്ത സംരംഭമായ കെ ഫോൺ ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്. കിഫ്ബിയാണ് ഫണ്ട് നൽകുന്നത്. ഏകോപനവും അറ്റകുറ്റപ്പണികളും നടത്തുന്നത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് (ബെൽ).

ശൃംഖലയുടെ ആസ്ഥാനം പള്ളത്ത്

കെ-ഫോൺ ശൃംഖലയുടെ മസ്തിഷ്‌കമെന്നറിയപ്പെടുന്ന കോർപോപ് (കോർ പോയിന്റ് ഓഫ് പ്രസൻസ്) ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത് പള്ളം കെ.എസ്.ഇ.ബി. 220 കെ.വി. സബ് സ്റ്റേഷനിലാണ്. കോർ പോപ്പിനെ 110/220/400 കെ.വി. ലൈൻ വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഉപയോഗിച്ച് ജില്ലയിലെ ഏഴു വൈദ്യുത സബ് സ്റ്റേഷനുകളിലെ അഗ്രിഗേഷൻ പോപുകളുമായും 16 സബ്സ്റ്റേഷനുകളിലെ പ്രീ ആഗ്രിഗേഷൻ ആൻഡ് സ്പർ പോപുകളുമായും ബന്ധിപ്പിക്കും. ഇതൊരു വളയാകൃതിയിലുള്ള ശൃംഖലയായാണ് പ്രവർത്തിക്കുക.
കഞ്ഞിക്കുഴി, ഗാന്ധിനഗർ, അയർക്കുന്നം, ഏറ്റുമാനൂർ, കുറവിലങ്ങാട്, രാമപുരം, പാലാ എന്നീ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനുകളിലെ അഗ്രിഗേറ്റ് പോപുകളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. സബ്സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രീ ഫാബ് ഷെൽട്ടറിനുള്ളിലെ ടെലികോം ഉപകരണങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശോധന അവസാനഘട്ടത്തിലാണ്. ഇതു പൂർത്തിയാകുന്നതോടെ പ്രവർത്തനസജ്ജമാകുന്ന പോപുകളുടെ പരിധിയിലെ എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങളിലേക്ക് ഇന്റർനെറ്റ് കണക്ഷൻ ഉടൻ നൽകിത്തുടങ്ങും. മെയ് പകുതിയോടെ കെ ഫോൺ പദ്ധതിയുടെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ ഫോൺ പ്രൊജക്ട് മേധാവി മോസസ് രാജകുമാർ പറഞ്ഞു.

16 സബ്സ്റ്റേഷനുകളിലെ പ്രീ അഗ്രിഗേഷൻ ആൻഡ് സ്പർ പോപുകളുടെ നിർമാണം, പോപുകളുടെ പരിധിയിലെ സ്ഥാപനങ്ങളിലേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കൽ പോപ് പ്രീ ഫാബ് ഷെൽട്ടറിനുള്ളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കുക, ഇവയുടെ സ്വീകാര്യത ഉറപ്പാക്കുക, എൻഡ് ഓഫീസ് സ്ഥാപനങ്ങളിൽ ഇന്റർനെറ്റ് നൽകാൻ സ്ഥാപിച്ചിരിക്കുന്ന മോഡം, യുപിഎസ് റാക്ക് ഇൻസ്റ്റലേഷൻ എന്നീ ജോലികളാണ് നിലവിൽ പുരോഗമിക്കുന്നതെന്ന് കെ ഫോൺ പ്രൊജക്ട് മാനേജർ പി. ലേഖ പറഞ്ഞു.

പ്രവർത്തനങ്ങൾക്കായി 13 സംഘം

എഡിഎസ്എസ് കേബിൾ ശൃംഖലയിലൂടെയാണ് ജില്ലയിലെ പഞ്ചായത്തുകൾ, സ്‌കൂളുകൾ, സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലും വീടുകളിലും ഇന്റർനെറ്റ് നൽകാൻ സംവിധാനമൊരുങ്ങുന്നത്. ഇതിനായി ഓരോ സബ്‌സ്റ്റേഷനുകളിലെ പോപുകളിൽ നിന്നും സ്ഥാപനങ്ങളുടെ 250 മീറ്റർ അകലത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ സ്ട്രീറ്റ് ബോക്‌സ് സ്ഥാപിക്കും. ജില്ലയിലെ 2006 സ്ഥാപനങ്ങളിൽ എൻഡ് ഓഫീസ് ഫൈബർ ശൃംഖലയുടെ ആവശ്യകതയുണ്ട്.
പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ 13 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 80 ജീവനക്കാർ പല വിഭാഗങ്ങളിലായി പ്രവർത്തിക്കുന്നതായി ബെൽ ജില്ലാ കോ-ഓർഡിനേറ്റർ രൂപ്‌സിംഗ് പറഞ്ഞു.

കെ ഫോൺ പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടൊപ്പം 30000 സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യം പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 10 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗമുള്ള ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകും. ന്യൂട്രൽ ആക്സസ് നെറ്റ് വർക്ക് ആയി പ്രവർത്തിക്കുന്ന കെ ഫോൺ കേരളത്തിലുള്ള മറ്റേത് ഓപ്പറേറ്ററിനേക്കാളും വലിയ ശൃംഖലയായിരിക്കും.
ഇതിലൂടെ സ്വകാര്യ സേവന ദാതാക്കളിൽ നിന്ന് വാടക ഈടാക്കി ഇൻട്രാനെറ്റ് സൗകര്യവും നൽകും. ഈ നെറ്റ് വർക്ക് ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ സ്ഥിതി ചെയ്യുന്ന വിവിധ സർക്കാർ സ്ഥാപനങ്ങളിലുൾപ്പെടെ ഓൺലൈൻ സേവനങ്ങൾക്ക് വേഗത നൽകും.