സേവനമേഖലയ്ക്കപ്പുറം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തൊഴിൽദാതാവ് എന്ന രൂപത്തിലേക്ക് പരിവർത്തനപ്പെടണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരത്തിൽ അഞ്ച് പേർക്ക് ജോലി എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണമെന്നു മന്ത്രി പറഞ്ഞു.

കുടുംബശ്രീയെയും വിവിധ ഗവൺമെന്റ് ഏജൻസികളെയും ഇതിന് ഫലപ്രദമായി ഉപയോഗിക്കാൻ തയ്യാറാകണം. അതി ദരിദ്രരുടെ ജീവിതം പൊതുസമൂഹത്തിന്റെ ഭാഗമാക്കുന്നതിനുള്ള സൂക്ഷ്മ പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ ആസൂത്രണം ചെയ്യണം. രണ്ടര ലക്ഷത്തോളം വരുന്ന ഭൂരഹിതരായ ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകണമെന്നും മന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.
വാതിൽപടി സേവനം പരാശ്രയമില്ലാതെ ജീവിക്കുന്ന കുടുംബാംഗങ്ങൾക്ക് സഹായകമാണെന്നും ഇന്ത്യയിൽതന്നെ നൂതനമായ ഈ പദ്ധതി ആരും ഒറ്റപ്പെട്ടു പോകാതെ ഏവർക്കും ആശ്രയം ഉണ്ടെന്ന പ്രഖ്യാപനം കൂടിയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

സെമിനാറിൽ, ജനകീയാസൂത്രണത്തിന്റെ 25 വർഷം: പുതുതലമുറ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയം മുൻ ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് അവതരണം നടത്തി. അതിദാരിദ്ര്യ നിർണ്ണയപ്രക്രിയയിൽ നിന്നും സമാനതകളില്ലാത്ത ദാരിദ്ര്യ ലഘൂകരണ പ്രക്രിയയിലേക്ക് എന്ന വിഷയത്തിൽ സ്റ്റേറ്റ് സെൽ നോഡൽ ഓഫീസർ വി എസ് സന്തോഷ് കുമാർ, കില സീനിയർ അർബൻ ഫെലോ ഡോ.രാജേഷ് കെ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു എന്നിവർ അവതരണം നടത്തി. വാതിൽപ്പടി സേവനം സാധ്യതകൾ എന്ന വിഷയത്തിൽ മിർ മൊഹമ്മദ് അലി, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് എന്നിവർ അവതരണം നടത്തി.

തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി കെ കെ രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി. അമ്പിളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേംബർ വൈസ് പ്രസിഡന്റ് അഡ്വ. സാം. കെ ഡാനിയൽ, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമെൻ എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. സക്കീർ ഹുസൈൻ എന്നിവർ സെമിനാർ വിഷയങ്ങളിൽ പ്രതികരിച്ച് സംസാരിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് (അർബൻ) ഡയറക്ടർ ഡോ. രേണുരാജ് നന്ദി രേഖപ്പെടുത്തി.