കായിക രംഗത്ത് ജില്ല മുന്നേറ്റത്തിന്റെ പാതയിലാണെന്ന് നിയമസഭയുടെ കായികവും യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി അഭിപ്രായപ്പെട്ടു. സമിതി ചെയര്‍മാന്‍ റ്റി.വി.രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം, വെട്ടിപ്പുറം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ എന്നിവ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവ ര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംഎല്‍എമാരായ റ്റി.വി.രാജേഷ്, എം.സ്വരാജ്, എല്‍ദോ എബ്രഹാം എന്നിവര്‍. കേരളത്തിലെ മികച്ച ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളിലൊന്നാണ് പ്രമാടത്തേത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് കിഫ്ബിയില്‍ നിന്നും 50 കോടി രൂപ അനുവദിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പത്തനംതിട്ടയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സും പ്രമാടത്തെ ഇന്‍ഡോര്‍ സ്റ്റേഡിയവും തിരുവല്ലയിലെ സ്വിമ്മിംഗ് പൂളും ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ജില്ലയിലെ കായിക താരങ്ങള്‍ക്ക് വലിയ അവസരങ്ങളാണ് നല്‍കുന്നത്. കായികക്ഷമത വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കായിക ക്ഷമതാ മിഷന്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ സ്‌കൂളുകളില്‍ കായികക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങളുണ്ടാകും. കായിക താരങ്ങള്‍ക്ക് പരമാവധി തുക ലഭ്യമാക്കുന്ന രീതിയില്‍ ധനസഹായം വര്‍ധിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്യും. വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കന്നവര്‍ക്ക് കേന്ദ്രകായിക മന്ത്രാലയത്തില്‍ നിന്നുള്ള ധനസഹായം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണും. 2024 ലെ ഒളിമ്പിംക്‌സ് മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന്‍ ഒളിമ്പിയ എന്ന പേരില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് ലക്ഷ്യമിടുന്ന ഈ പദ്ധതി കായികരംഗത്ത് വന്‍ ഉണര്‍വുണ്ടാക്കും.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെത്തിയ സമിതി ജില്ലാ സ്റ്റേഡിയത്തിലെ പ്രവര്‍ത്തന ങ്ങള്‍ സംബന്ധിച്ച് നഗരസഭാധ്യക്ഷ രജനി പ്രദീപ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  കെ.അനില്‍കുമാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അടൂര്‍ പ്രകാശ് എംഎല്‍എ സമിതി അംഗങ്ങളെ അറിയിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഫിറ്റ്‌നസ് സെന്റര്‍, നിര്‍മാണം  പൂര്‍ത്തിയായി വരുന്ന ഇന്‍ഡോര്‍ കോര്‍ട്ട് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സമിതി വിലയിരുത്തി. വെട്ടിപ്രം സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെത്തിയ സമിതി വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. ശാസ്ത്രീയ പരിശീലനത്തിന് ഉതകുന്ന രീതിയിലുള്ള വോളിബോള്‍ കോര്‍ട്ടിന്റെ അഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നതായി വിദ്യാര്‍ഥികള്‍ സമിതിയെ അറിയിച്ചു. പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ്, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സമിതിയോടൊപ്പമുണ്ടായിരുന്നു.