ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പുകൾക്ക് സബ്സിഡി തുക വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യാ തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു.
അഞ്ച് പേരിൽ കുറയാത്ത വനിതാ ഗ്രൂപ്പുകൾക്ക് ചെറുകിട സംരംഭം ആരംഭിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയിലേക്കാണ് സബ്സിഡി നൽകിയത്. പദ്ധതി തുകയുടെ 85 ശതമാനമായ പരമാവധി മൂന്ന് ലക്ഷം രൂപയാണ് സബ്സിഡി തുക.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ആർ രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയശ്രീ ഗോപീകൃഷ്ണൻ, ട്രീസ മോളി, പി.എ.അബുബക്കർ, ബ്ലോക്ക് മെമ്പർ റാണി മത്തായി , വ്യവസായ വികസന ഓഫീസർ സാജൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.